കല്‍പ്പറ്റ: പഞ്ചാരക്കൊല്ലിയില്‍ ചത്ത നിലയില്‍ കാണപ്പെട്ടത് നരഭോജി കടുവ തന്നെയാണെന്നു സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട രാധ എന്ന സ്ത്രീയുടെ മുടിയും ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും കമ്മലും കടുവയുടെ വയറ്റില്‍ കണ്ടെത്തി. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവാണ് കടുവ ചാകാന്‍ കാരണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. നാലു മുറിവുകളാണ് കടുവയുടെ കഴുത്തില്‍ ഉണ്ടായിരുന്നത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് കടുവയ്ക്ക് പരിക്കേറ്റതെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.
