ഉഡുപ്പി: പട്ടാപ്പകൽ നഗര മധ്യത്തിൽ വച്ച് 5 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യാചകൻ അറസ്റ്റിലായി. മുത്തു എന്ന 35 കാരനെയാണ് ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ഉഡുപ്പി വനിതാ പൊലീസ് സ്‌റ്റേഷനിൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പെട്ടെന്നുതന്നെ പ്രതിയെ പിടികൂടാനായി.ഈ മാസം 23 നു രാവിലെ 10 മണിയോടെയാണ് യാചകൻ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൂട്ടിക്കൊണ്ടുപോകുന്നതും പീഡിപ്പിക്കുന്നതും സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. ബന്ധുവിന്റെ കടക്ക് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ചോക്ലേറ്റ് കാട്ടി പ്രലോഭിച്ചു ഫൂട്ട് പാത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് നിലവിളിച്ചു നിൽക്കുന്ന കുട്ടിയെ കണ്ടെത്തിയത്. തുടർന്നാണ് പീഡന വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ വിവിധ സ്റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. പ്രതിയുടെ പേരുവിവരങ്ങൾ വ്യക്തമല്ലാത്തതിനെ തുടർന്നു യാചകനെ കണ്ടെത്തുന്നതിനായി അഞ്ച് പ്രത്യേക പൊലീസ് സംഘങ്ങളെ രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നാട്ടുകാരുടെയും പൊതുജനങ്ങളുടെയും കൃഷ്ണമഠത്തിന് സമീപമുള്ള വാദിരാജ് മൂന്നാം ക്രോസിന് സമീപമാണ് മുത്തുവിനെ പിടികൂടിയത്. ബാഗൽകോട്ട് ജില്ലയിലെ സുലേബാവി സ്വദേശിയായ മുത്തു വീടു പോലുമില്ലാത്ത യാചകനാണെന്നും ഉഡുപ്പിയിൽ സ്ഥിരമായ വിലാസം ഇല്ലെന്നും റിപ്പോർട്ടുണ്ട്.
