Author: നാരായണന്‍ പേരിയ
സ്ത്രീണാമശിക്ഷിത പടുത്വം അമാനുഷീഷ്ഠ
സംദൃശ്യതേ (സ്ത്രീകള്‍ക്ക് പഠിക്കാപ്പഠിപ്പ് മനുഷ്യജാതിക്ക് പുറത്തും)-അതായത്, ജന്തുവര്‍ഗ്ഗത്തിലും കാണുന്നുണ്ട് (കിമൃതയാഃപ്രതിബോധവത്യഃ) പിന്നെയല്ലേ വിശേഷ ബുദ്ധിയുള്ള മനുഷ്യരുടെ കാര്യം.
ഉദാഹരണത്തിന് കുയിലിന്റെ കാര്യമെടുക്കുക: കാക്കയും കുയിലും ഒരേപോലെ കറുപ്പ്. മുട്ടയും അതേപടി. പെണ്‍കുയില്‍ കാക്കക്കൂട്ടില്‍ മുട്ടയിടുന്നു. അത് യഥാകാലം വിരിഞ്ഞുണ്ടാകുന്ന കുഞ്ഞ് കാക്കക്കുഞ്ഞിനെപ്പോലെ തന്നെയായിരിക്കും. തിരിച്ചറിയാനൊക്കില്ല. തന്റെ കുഞ്ഞാണെന്ന് തെറ്റിദ്ധരിച്ച് കാക്ക കുയില്‍ കുഞ്ഞിനും തീറ്റ കൊടുക്കും; വളര്‍ത്തും. പ്രായമാകുമ്പോള്‍ കുയില്‍ കുഞ്ഞ് പോറ്റി വളര്‍ത്തിയ കാക്കയെ വിട്ട് പറന്നുപോകും- (കാളിദാസന്‍- അഭിജ്ഞാനശാകുന്തളം-ശ്ലോകം-94)
അശിഷിത പടുത്വം അമാനുഷീഷ്ഠ മനുഷ്യേതര പ്രാണികള്‍ക്കും, സ്ത്രീകളാണെങ്കില്‍ പഠിക്കാപ്പഠിപ്പ് ഉണ്ടാകും. അപ്പോള്‍ പിന്നെ കോളേജില്‍ പഠിച്ച് ഉന്നത ബിരുദം നേടിയ, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കൈകാര്യം ചെയ്യാനറിയുന്ന ഗ്രീഷ്മയുടെ കാര്യം-(കാമുകനായ ഷാരോണ്‍ രാജിനെ തെറ്റിദ്ധരിപ്പിച്ച് മാരക കീടനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലചെയ്ത, കന്യാകുമാരി ജില്ലയിലെ ശ്രീനിലയത്തില്‍ ഗ്രീഷ്മ എന്ന 24 കാരി) ആ കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ കഴിഞ്ഞ ദിവസം വിധി പറഞ്ഞിരിക്കുകയാണ് (കവിവാക്യം ശരി).
കൊലക്കുറ്റം ചെയ്തയാള്‍ക്കുള്ള പരമാവധി ശിക്ഷ ഐപിസി 301 പ്രകാരം പ്രാണന്‍ പോകും വരെ തൂക്കിലിടുക. കുറ്റകൃത്യം സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയതിന് ഐപിസി 203 പ്രകാരം 2 ലക്ഷം രൂപ പിഴയടക്കണം. രണ്ട് വര്‍ഷം കഠിനതടവും. ഗ്രീഷ്മയുടെ അമ്മാവനായ നിര്‍മല കുമാരന്‍ നായര്‍ക്ക് മൂന്നുവര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും. അനന്തരവള്‍ക്ക് കൂട്ടുനിന്നതിനുള്ള ശിക്ഷ. കേസില്‍ രണ്ടാം പ്രതിയായി ചേര്‍ത്തിരുന്ന സിന്ധുവിനെ (ഗ്രീഷ്മയുടെ അമ്മ) മതിയായ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു.
2022 ലാണ് കുറ്റകൃത്യം നടന്നത്. വാര്‍ത്ത രണ്ട് മൂന്ന് പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ അവ്യക്തമായി തോന്നി. പറയാം:
2022 ലാണ് സംഭവം നടന്നത്. ഗ്രീഷ്മയും ഷാരോണ്‍ രാജും-രണ്ടുപേരും കോളേജ് വിദ്യാര്‍ഥികളായിരിക്കെയാണ് പ്രണയിച്ചത്. പരസ്പരം കാണുകയും സല്ലപിക്കുകയും മാത്രമല്ല, അതിനപ്പുറത്തേക്ക് കടന്നു. മുട്ടിച്ചേര്‍ന്നിരിക്കുക, സ്പര്‍ശിക്കുക, പിന്നെ പിന്നെ… റിപ്പോര്‍ട്ടില്‍ കണ്ടത് -ഗ്രീഷ്മ ഷാരോണ്‍ രാജിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി; കഷായം കുടിക്കാന്‍ നല്‍കി. അതില്‍ മാരക കീടനാശിനി കലര്‍ത്തിയിട്ടുണ്ട് എന്നറിയാതെ കുടിച്ച ഷാരോണ്‍ ഇഞ്ചിഞ്ചായി മരിച്ചു.
ഷാരോണ്‍ ഗ്രീഷ്മയുടെ കാമുകന്‍ എന്നാണ് ഒരു പത്രത്തില്‍ കണ്ടത്; പക്ഷെ യാഥാര്‍ത്ഥ്യം അതല്ല. കാമുകനായിരുന്നു ആദ്യം. പിന്നെ താലികെട്ടി. ഹിന്ദു മതാചാര പ്രകാരം വിവാഹിതരായി. ഒരു ദിവസം രണ്ടു പേരും പള്ളിയില്‍ പോയി മിന്നു കെട്ടി. അതെന്തിന്? ക്രിസ്തു മതാചാരപ്രകാരമാണല്ലോ പള്ളിയില്‍ വച്ച് വൈദികന്‍ ആശീര്‍വദിച്ച മിന്നുകെട്ടല്‍. അതിന് മുമ്പ് നടത്തേണ്ട ചില ചടങ്ങുകള്‍ കൂടിയുണ്ട്. അതെല്ലാം നടത്തിയിരുന്നോ? ഗ്രീഷ്മയും ഷാരോണ്‍രാജും ക്രൈസ്തവരാണോ? പള്ളിയില്‍പോയി മിന്നുകെട്ടല്‍ നടത്താന്‍? പേരുകളില്‍ നിന്ന് ഇവരുടെ മതം വ്യക്തമാകുന്നില്ല. ഇക്കാലത്ത് പേര് കേട്ടാല്‍ മനസ്സിലാകുകയില്ലല്ലോ പലരുടെയും മതം ഏതെന്ന്?
ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായര്‍ക്ക് ജാതകക്കുറി അടക്കം ഉണ്ടല്ലോ. നായരുടെ അനന്തരവള്‍ പള്ളിയില്‍ മിന്നു കെട്ടുക. ഷാരോണ്‍രാജ് ഏതു മതം?
മാല ചാര്‍ത്തി, മിന്നുകെട്ടി. രണ്ടും കഴിഞ്ഞ് കെട്ടിയവനെ വിഷം കൊടുത്തു കൊന്നതെന്തിന്? മറ്റൊരാളുടെ ഭാര്യയാകാന്‍ വേണ്ടി. ഒരു സൈനികനുമായി വിവാഹം ഉറപ്പിച്ചുപോലും. അതോടെ ആദ്യകാമുകനുമായി അകന്നു; വീണ്ടും അടുത്തു. ഷാരോണിനെയല്ലാതെ മറ്റൊരാളെയും സ്വീകരിക്കുകയില്ല എന്ന് ആണയിട്ടു. ഹോട്ടലില്‍ മുറിയെടുത്തു; ഒന്നിച്ചുറങ്ങി. ഫോട്ടോയെടുത്തു എന്നിട്ടു വീട്ടുകാര്‍ ഉറപ്പിച്ച വിവാഹദിവസം-സൈനികനുമായുള്ളത്-അടുത്തുവന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചു.
ആദ്യ ഭര്‍ത്താവിന് ജാതകദോഷമുണ്ട്. അയാള്‍ക്ക് അകാലമൃത്യു സംഭവിക്കും എന്ന് ഒരു ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നു പോലും. അത് പൂര്‍ത്തീകരിക്കാന്‍ താന്‍ എന്തിന് വിഷം കുടിപ്പിക്കണം?
ഏതായാലും ആ കടുംകൈക്കുള്ള ശിക്ഷ- പരമാവധി ശിക്ഷ തന്നെ കോടതി വിധിച്ചുവല്ലോ. അമ്മയെ വെറുതെ വിട്ടു; അമ്മാവന് ചെറിയ ശിക്ഷ-കഠിന ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. വധശിക്ഷ എന്ന് സെഷന്‍സ് കോടതി വിധിച്ചത് കൊണ്ട് ആയോ? അപ്പുറം ഹൈക്കോടതിയും സുപ്രിം കോടതിയുമുണ്ടല്ലോ. സുപ്രിംകോടതിയും വധശിക്ഷ വിധിച്ചാലും രാഷ്ട്രപതിയുണ്ട്. ഇളവ് ചെയ്യാം.
ദേശീയ നിയമസര്‍വ്വകലാശാല കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കണക്ക് കാണുക: അത്യുന്നത നീതിപീഠമായ സുപ്രിം കോടതിയിലെത്തിയ വധശിക്ഷാവിധികള്‍-600. ഇതില്‍ സുപ്രിം കോടതി ശരി വച്ചത് ഏഴെണ്ണം മാത്രം. വധശിക്ഷ കാത്ത് കിടക്കുന്നവര്‍ 561. സംസ്ഥാനത്ത് അവസാനമായി ഒരാളെ തൂക്കിലേറ്റിയത് 1991ല്‍. റിപ്പര്‍ ചന്ദ്രനെ.
‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്’ എന്ന് വിശേഷിപ്പിച്ചിട്ടൊന്നും കാര്യമില്ല. ഗ്രീഷ്മയുടെ പേരിലുള്ള കേസ്-കാമുകനെ ഒഴിവാക്കാന്‍ നടത്തിയ കൊല-അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് വിലയിരുത്തിയത് ശരിയല്ല എന്ന് പറഞ്ഞത് ജസ്റ്റിസ് (റിട്ടയേര്‍ഡ്)കെമാല്‍പാഷ. ഇങ്ങനെ ചിന്തിക്കുന്നവര്‍ എത്ര പേരുണ്ടാകും മേല്‍ക്കോടതികളില്‍?
ന്യായതത്വം ശരിയായി ആര്‍ക്കറിയാം.