തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച വിവരം രഹസ്യമാക്കിവച്ച തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. ഇതേ സ്‌കൂളിലെ അധ്യാപകനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവത്തില്‍ അധ്യാപകന്‍ അരുണ്‍മോഹനനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റുചെയ്തു. കോടതി ഇയാളെ റിമാന്റുചെയ്തു. അധ്യാപകന്‍ തന്നെ പീഡിപ്പിച്ച വിവരം കഴിഞ്ഞ തിങ്കളാഴ്ച പെണ്‍കുട്ടി സ്‌കൂളിലെ മറ്റ് അധ്യാപകരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് അരുണ്‍മോഹനനെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തെങ്കിലും വിവരം പൊലീസിനെ അറിയിച്ചില്ല. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലിസ് സ്‌കൂളിലെ പ്രധാന അധ്യാപകനും മറ്റു അധ്യാപകര്‍ക്കുമതിരെ പീഡന വിവരം അറിഞ്ഞിട്ടും പൊലീസില്‍ നിന്നും ഒളിപ്പിച്ചുവച്ചതിനാണ് പോക്‌സോ കേസെടുത്തത്.
