കാസര്‍കോട്: സംവിധായകന്‍ ഷാഫിയുടെ മരണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഷാഫിയുടെ സിനിമകള്‍ എന്നും നിലനില്‍ക്കും. കാണികള്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള മഹത്വം ആ സിനിമകള്‍ക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാഫി നല്ല സുഹൃത്തും സഹോദര തുല്യനുമായിരുന്നു. 16ന് അസുഖം മൂലം ആശുപത്രിലാണെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞു. ചെറുപ്രായത്തിലുണ്ടായ ഷാഫിയുടെ വേര്‍പാടില്‍ അഗാധമായി ദുഖിക്കുന്നു- മന്ത്രി പറഞ്ഞു.
