കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലക്കു വികസനത്തിന്റെ കവാടവും വിനോദസഞ്ചാരത്തിനു പറുദീസയുമാവുന്ന മറ്റൊരു റാണിപുരമായി പൈവളികെ പഞ്ചായത്തിലെ ‘പൊസഡിഗുംബെ’ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ അധികൃതരോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ അനുമതിയും, ഫണ്ടും ലഭ്യമാക്കിയിട്ടും നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാത്തത് സര്‍ക്കാര്‍ ജീവനക്കാരുടെ അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ടൂറിസം വികസനത്തിന്റെ നാഴികക്കല്ലാണ് പൊസടിഗുംബെ. മഞ്ഞുപെയ്യുന്ന പുലരികള്‍ തേടി അതിര്‍ത്തികള്‍ കടന്നു സഞ്ചരിക്കേണ്ട വിനോദ സഞ്ചാരികള്‍ക്കു കയ്യെത്തും ദൂരെ മായകാഴ്ചകള്‍ ഒരുക്കുന്ന ജില്ലയിലെ റാണിപ്പുറം, മഞ്ഞംപൊതിക്കുന്ന് പോലെയുള്ള മറ്റൊരു പ്രദേശമാണ് പൊസഡിഗുംബെ മലനിരകള്‍. ദിവസേന നൂറുകണക്കിന് സഞ്ചാരികള്‍ ഇവിടെ എത്തുന്നു. അവധി ദിവസങ്ങളില്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ആയിരം അടിയോളം ഉയരത്തിലാണ് ഈ മലനിരകള്‍ ഉള്ളത്. ഈ മലനിരകളുടെ വശ്യത നേരിട്ടറിഞ്ഞാണ് മുന്‍ ജില്ലാ കലക്ടര്‍ കെ സജിത് ബാബു വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. ജില്ലയിലെ രണ്ടാമത്തെ ‘റാണിപുരം’എന്ന പേരിലാണ് ഈ പ്രദേശം ഇപ്പോള്‍ അറിയപ്പെടുന്നത്.
1802 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതെന്ന് പറയുന്ന ‘വ്യൂ പോയിന്റും’ ഈ മലനിരകളിലുണ്ട്. പൊസഡിഗുംബെ ടൂറിസം പദ്ധതിക്കായി സര്‍ക്കാര്‍ ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞവര്‍ഷം1.11 കോടി രൂപ ഭരണാനുമതി നല്‍കിയെങ്കിലും ജീവനക്കാര്‍ അതില്‍ ഈച്ചയടിച്ചു കൊണ്ടിരിക്കുകയാണെന്നു നാസിര്‍ പറഞ്ഞു.
പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്ന് നാസിര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നേരത്തെ താലൂക്ക് തല അദാലത്തിലും പരാതി നല്‍കിയിരുന്നു.
