മൊഗ്രാല്‍: മഞ്ഞപ്പിത്തം മൊഗ്രാലില്‍ പിടിമുറുക്കുന്നു. നാങ്കി റോഡിന് സമീപത്തെ പത്തോളം പേര്‍ക്ക് മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ ഉള്ളതായാണ് വിവരം. ഇതേത്തുടര്‍ന്ന് ദേശീയവേദി ഭാരവാഹികള്‍ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വിവരം അറിയിച്ചു. ഒരു വീട്ടിലെ അഞ്ചോളം പേര്‍ക്ക് മഞ്ഞപ്പിത്തം ഉള്ളതായും പറയപ്പെടുന്നുണ്ട്.
മാസങ്ങള്‍ക്കു മുമ്പ് മീലാദ് നഗറിലും, മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് പരിസരത്തും പത്തോളം പേരില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ പരിശോധനയും, പ്രതിരോധ ബോധവല്‍ക്കരണവും വേണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.
ചില്ലയില്‍ മുണ്ടിനീര് വ്യാപിക്കുന്നതിലും ജനങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. പനി, ചുമ, കഫക്കെട്ട് എന്നീ രോഗങ്ങളില്‍ ആശുപത്രികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം രോഗത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരുടെയും, ജീവനക്കാരുടെയും അഭാവം രോഗികള്‍ക്ക് ദുരിതമാകുന്നുണ്ട്. മരുന്ന് ക്ഷാമവും ദുസ്സഹമാവുന്നുണ്ട്. ചുമയ്ക്കുള്ള മരുന്ന് വിതരണം ഗവ.ആശുപത്രി മതിയാക്കിയിട്ടുണ്ട്. ഈ മരുന്ന് പുറത്തുനിന്ന് വാങ്ങാന്‍ എഴുതിക്കൊടുക്കുന്നു. സാധാരണക്കാരായ രോഗികള്‍ക്ക് ഇത് സാമ്പത്തിക പ്രയാസവും ഉണ്ടാക്കുന്നുണ്ട്.