കാസര്‍കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്മാരെന്ന വ്യാജേന ശിങ്കാരി ബീഡി കമ്പനി ഉടമയുടെ വീട്ടില്‍ കയറി റെയ്ഡു നടത്തി അവിടെയുണ്ടായിരുന്ന 30 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ ഒരു മലയാളിയെ വിട്‌ള പൊലീസ് അറസ്റ്റു ചെയ്തു.
കൊല്ലം തൃക്കടവൂര്‍ പെരിനാടു സ്വദേശിയായ അനില്‍ ഫെര്‍ണാണ്ടസിനെയാണ് വിട്‌ള ഇന്‍സ്‌പെക്ടര്‍ യതീശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. കൊള്ളസംഘം സഞ്ചരിച്ച ഒരു കാറും അഞ്ചുലക്ഷം രൂപയും പ്രതിയില്‍ നിന്നു പിടിച്ചെടുത്തു.
ജനുവരി മൂന്നിനു രാത്രിയാണ് ആറംഗസംഘം ബീഡിക്കമ്പനി ഉടമ വിട്‌ള ബോളന്നൂര്‍, താര്‍ഷ്യയിലെ സുലൈമാന്‍ ഹാജിയുടെ വീട്ടിലെത്തി തങ്ങള്‍ ഇ.ഡി ഉദ്യോഗസ്ഥന്മാരാണെന്നും വീടു പരിശോധിക്കണമെന്നും വെളിപ്പെടുത്തി വീട്ടിനുള്ളില്‍ പരിശോധന ആരംഭിച്ചത്. മുറികള്‍ക്കുള്ളില്‍ കടന്ന വ്യാജസംഘം അലമാരകള്‍ തുറന്നു സാധനങ്ങള്‍ വലിച്ചുവാരി ഇടുകയും അവയ്ക്കുള്ളിലുണ്ടായിരുന്ന പണം അപഹരിക്കുകയുമായിരുന്നു. ഇരുനില വീടിന്റെ താഴെ ഉയര്‍ന്ന ഉദ്യോഗസ്ഥരുണ്ടെന്നും അവരെ വിവരമറിയിക്കുന്നെന്നും പറഞ്ഞു താഴെയിറങ്ങിയ സംഘം രക്ഷപ്പെടുകയായിരുന്നു. തട്ടിപ്പു സംഘമാണെന്നു സംശയിച്ച ഹാജി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാളായ അനില്‍ ഫെര്‍ണാണ്ടസിനെ പിടികൂടിയത്. മറ്റു പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.