കാസര്‍കോട്: മഞ്ചേശ്വരം, ബായാര്‍പദവിലെ ടിപ്പര്‍ലോറി ഡ്രൈവര്‍ മുഹമ്മദ് ആസിഫിന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് സര്‍ജന്‍ കായര്‍ക്കട്ടയില്‍ സന്ദര്‍ശനം നടത്തി.
മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ശ്രീകാന്ത് ആണ് വ്യാഴാഴ്ച രാവിലെ 9.30 മണിയോടെ കായര്‍ക്കട്ടയില്‍ എത്തിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസിന്റെ അപേക്ഷ പ്രകാരമാണ് സര്‍ജന്‍ എത്തിയത്. മുഹമ്മദ് ആസിഫിനെ അവശനിലയില്‍ കാണപ്പെട്ട സ്ഥലം സര്‍ജന്‍ വിശദമായി പരിശോധിച്ചു. ഇവിടെ നിന്നു നിര്‍ത്തിയിട്ട ലോറിയിലേക്കുള്ള ദൂരവും പരിശോധിച്ചു. ലോറിക്കകത്തും പരിശോധന നടത്തി. പരിശോധനയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ കാര്യം അറിയിക്കാനായി അന്വേഷണ ഉദ്യോഗസ്ഥനോട് വെള്ളിയാഴ്ച പരിയാരത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടാണ് ഫോറന്‍സിക് സര്‍ജന്‍ മടങ്ങിയത്.
ജനുവരി 15ന് രാത്രിയിലാണ് മുഹമ്മദ് ആസിഫിനെ കായര്‍ക്കട്ടയില്‍ അവശനിലയില്‍ കാണപ്പെട്ടത്. മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നതും കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടതും. പരിയാരത്ത് നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ഇടുപ്പെല്ല് തകര്‍ന്നതാണ് മരണകാരണമെന്നു വ്യക്തമായിരുന്നു. ഇതെങ്ങിനെ സംഭവിച്ചുവെന്നു പരിശോധിക്കുന്നതിനാണ് പൊലീസ് സര്‍ജന്‍ സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ചത്.