കാസര്‍കോട്: കുമ്പളയില്‍ കടലോര മേഖലയില്‍ അനുവദിച്ച ആരോഗ്യ ഉപകേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കണമെന്ന് വാര്‍ഡ് മെമ്പറും കുമ്പള പഞ്ചായത്ത് പ്രസിഡണ്ടുമായ സബൂറ ആവശ്യപ്പെട്ടു.
കുമ്പള കോയിപ്പാടി കടപ്പുറം ഫിഷറീസ് മേഖലയില്‍ ഏഴ് വര്‍ഷം മുമ്പ് അനുവദിച്ച ആരോഗ്യ ഉപകേന്ദ്രം ഇപ്പോഴും നോക്കുകുത്തിയായി നില്‍ക്കുകയാണെന്നു നിവേദനത്തില്‍ പറഞ്ഞു. തീരദേശ വികസന കോര്‍പ്പറേഷന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മ്മിച്ച ആരോഗ്യ ഉപകേന്ദ്രത്തെയാണ് ഈ ദുരനുഭവം പിന്തുടരുന്നത്. ഇത് സംബന്ധിച്ച് നേരത്തെ നിരവധി പരാതികളും, നിവേദനങ്ങളും പഞ്ചായത്ത് നല്‍കിയിരുന്നു. ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കെട്ടിടത്തിന്റെ ഒരു മുറിയില്‍ പഞ്ചായത്ത് കുറച്ചു പുസ്തകങ്ങളും മറ്റും ലഭ്യമാക്കി ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു. സന്നദ്ധ സംഘടനകളും മറ്റും കെട്ടിടത്തില്‍ മെഡിക്കല്‍ ക്യാമ്പുകളും മറ്റും നടത്തിവരുന്നു. എന്നാല്‍ ആരോഗ്യകേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ല.
വര്‍ഷങ്ങളായി കെട്ടിടം അടഞ്ഞു കിടന്നു തകര്‍ച്ചാ ഭീഷണിയിലായിട്ടുണ്ട്. വാതിലുകളും ജനാലകളും തുരുമ്പെടുക്കാന്‍ തുടങ്ങി. ഇടയ്ക്കിടെ കുമ്പള ഗ്രാമപഞ്ചായത്ത് അറ്റകുറ്റപണികള്‍ നടത്താന്‍ ഫണ്ട് നീക്കിവെക്കുന്നുണ്ട്.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ ഉപകേന്ദ്രം ഈ തീരപ്രദേശത്ത് അനിവാര്യമാണ്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ അസുഖം വന്നാല്‍ ആശുപത്രിയില്‍ ചെല്ലണമെങ്കില്‍ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ കുട്ടികളും,പ്രായമായവരും ഇത് മൂലം ഏറെ പ്രയാസപ്പെടുന്നു.
ആരോഗ്യ ഉപ കേന്ദ്രത്തില്‍ ജീവനക്കാരെയും, അടിസ്ഥാന സൗകര്യവും ഉടന്‍ ഒരുക്കണമെന്നും ആരോഗ്യ വകുപ്പ് ജില്ലാ അധികാരികളോട് പഞ്ചായത്ത് പ്രസിഡണ്ട് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
