പാകിസ്ഥാനിൽ ടിക് ടോക്കിൽ ഇടാനുള്ള വൈറൽ വീഡിയോക്കായി സിംഹത്തിന്‍റെ കൂട്ടിൽ നുഴഞ്ഞു കയറിയ യുവാവിന് ഗുരുതര പരിക്ക്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബ്രീഡിംഗ് ഫാമിലെ കൂട്ടിലടച്ച സിംഹം, ടിക് ടോക്ക് വീഡിയോ വീഡിയോ പകർത്തുന്നതിനിടെ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഫാം ഉടമയുടെ അനുവാദമില്ലാതെയാണ് മുഹമ്മദ് അസീം എന്ന യുവാവാണ് സിംഹക്കൂട്ടിൽ കയറി ഒരു വൈറൽ വീഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ചത്.കൂട്ടിൽ ആരും കാണാതെ നുഴഞ്ഞു കയറിയ അസീം തൻ്റെ ഫോണുമായി സിംഹത്തിന്‍റെ അടുത്തെത്തി വിഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ സിംഹം അയാളെ ആക്രമിക്കുകയായിരുന്നു എന്നും തലയിലും മുഖത്തും കൈകളിലും മുറിവേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നു.അസീമിൻ്റെ നിലവിളി കേട്ട് ബ്രീഡിംഗ് ഫാം ഉടമ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസീമിനെ ആശുപത്രിയിലേക്ക് മാറ്റി. അതെ സമയം, ഫാം ഉടമയ്‌ക്കെതിരെ ബ്രീഡിംഗ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾക്ക് ഉത്തരവിട്ടിട്ടുണ്ട്.ടിക് ടോക്കിലോ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ ഈ മൃഗങ്ങളെ പ്രദർശിപ്പിക്കുന്നതിന് പാകിസ്ഥാനിൽ കർശനമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അവയെ നഗര പരിധിക്ക് പുറത്ത് പാർപ്പിക്കണമെന്നും നിയമമുണ്ട്. ഈ മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഉടമകൾക്ക് സമയം നൽകുമെന്നും സംഭവവുമായി ബന്ധപ്പെട്ട് പ്രവിശ്യ മന്ത്രിയായ മറിയം ഔറംഗാസേബ് പറഞ്ഞു.
