പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് വിദ്യാര്‍ത്ഥി അധ്യാപകന് നേരെ കൊലവിളി നടത്തിയ സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സ്‌കൂള്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടി. മന്ത്രി ശിവന്‍ കുട്ടിയാണ് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. വീഡിയോ പുറത്തു വന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനും ഈ വിഷയം പരിശോധിക്കുന്നുണ്ട്. വീഡിയോ എടുത്ത അധ്യാപകരുടെ നടപടിയില്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വെറും പതിനാറോ പതിനേഴോ വയസ്സുമാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകര്‍ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമര്‍ശനം. എന്തിനാണ് വീഡിയോ എടുത്തത്?, എങ്ങനെയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഡിയോ ഷെയര്‍ ചെയ്തവരും കുടുങ്ങിയേക്കുമെന്നാണ് വിവരം.
പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് കര്‍ശന നിര്‍ദേശം ലംഘിച്ചാണ് വിദ്യാര്‍ഥി മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടു വന്നത്. പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നില്‍ വിദ്യാര്‍ഥി കൊലവിളി നടത്തിയത്. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകന്‍ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. ഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
