ഇവനെ അറിയുമോ?
പേര് പച്ചത്തുള്ളന്‍. ഞങ്ങള്‍ ചെറുപ്രായത്തില്‍ ‘പച്ച തത്ത മുള്ള്’എന്ന് പറയും. ഇവനെ എനിക്ക് പേടിയാണ്. പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് വായനയും എഴുത്തും.
ചില ദിവസങ്ങളില്‍ രാത്രി സമയത്ത് പുസ്തകത്താളില്‍ ഇവന്‍ പാറി വന്നിരിക്കും. ‘
ഇനി പേടിയെന്താണെന്നു പറയാം. ഇവനെ കാണുമ്പോള്‍ ഉമ്മൂമ്മ പറയും ‘എന്തോ നേര്‍ച്ച വീട്ടാനുണ്ട്. അതാണ് പച്ചത്തുള്ളന്‍ വന്നത്’.
വീട്ടിലെ എല്ലാവരോടുമായി ഉമ്മുമ്മ വിളിച്ചു ചോദിക്കും ‘നിങ്ങള്‍ ആരെങ്കിലും നേര്‍ച്ച നേര്‍ന്നത് വീട്ടാനുണ്ടോ?’.
കേള്‍ക്കേണ്ട താമസം എല്ലാവരും പരസ്പരം അന്വേഷിക്കും.
നീലമ്പാറ ഔലിയാക്ക് നേര്‍ച്ച നേരും.
പുളിങ്ങോത്ത് മുഖാമിലേക്ക് വെള്ള മൂടാന്‍ നേര്‍ച്ചയാക്കാറുണ്ട്.
ബീരിച്ചേരി പള്ളിയിലേക്ക് വെളിച്ചണ്ണ നല്‍കാന്‍ നേര്‍ച്ച ഇടാറുണ്ട്.
കരിവെള്ളൂര്‍ പള്ളിയില്‍ പണംവെക്കാന്‍ നേര്‍ച്ചയാക്കും.
ഇത്തരം നേര്‍ച്ചകള്‍ വീടാത്തത് കൊണ്ട് അക്കാര്യം ഓര്‍മ്മിപ്പിക്കാനാണ് പച്ചത്തുള്ളന്‍ വരുന്നത് എന്നാണ് ഞങ്ങളെ പറഞ്ഞ് വിശ്വാസിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നത്.
രാത്രികാലത്ത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പുസ്തകത്താളിലോ മേശമേലോ ഇവന്‍ വന്നിരുന്നാല്‍ പേടി തോന്നാന്‍ കാരണം.
കാലം എത്ര കഴിഞ്ഞിട്ടും നേര്‍ച്ചയും പച്ച തത്തന്‍ മുള്ളും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.
അതിന്റെ മുഖത്ത് കാണുന്ന മീശ പോലുള്ള അവയവം കൊണ്ട് ചില ആക്ഷന്‍ കാണിക്കും. മറന്നുപോയ നേര്‍ച്ചക്കാര്യം ഓര്‍മ്മിപ്പിക്കാനാണോ ആ ആക്ഷന്‍ എന്ന് ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട്. നേര്‍ച്ചയും പച്ച തത്തന്‍ മുള്ളും തമ്മില്‍ വല്ല ബന്ധവുമുണ്ടോ?
