ഭുവനേശ്വര്‍: ഒഡീഷ -ഛത്തിസ്ഗഡ് അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് 14 മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഛത്തിസ്ഗഡിലെ ഗരിയാബന്ധ് ജില്ലയില്‍, കുലാരിഘട്ട് റിസര്‍വ് വനത്തിനുള്ളിലായിരുന്നു ഏറ്റുമുട്ടല്‍. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റ് കമാന്‍ഡര്‍ ജയ് റാം (ചല്‍പതി) മരിച്ചവരില്‍ ഉള്‍പ്പെടുന്നതായാണ് സൂചന. ഇവിടെ സിആര്‍പിഎഫ് നടപടി തുടരുകയാണ്. മാവോയിസ്റ്റുകളുടെ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാന സേനകളും നടപടിയില്‍ പങ്കെടുക്കുന്നു. അതിര്‍ത്തി മേഖലകളിലൂടെയുള്ള മാവോയിസ്റ്റ് നീക്കം തടയാന്‍ ഉദ്ദേശിച്ച് തിങ്കളാഴ്ച രാവിലെ ആരംഭിച്ച നടപടിയാണ് ചൊവ്വാഴ്ച ഏറ്റുമുട്ടലില്‍ കലാശിച്ചത്. സിആര്‍പിഎഫ്, ഒഡിഷയിലെയും ഛത്തീസ്ഗഡിലെയും സുരക്ഷാസേനകള്‍ എന്നിവര്‍ സംയുക്തമായാണു ഓപറേഷന്‍ നടത്തിയതെന്നു ഡിജിപി വൈ.ബി.ഖുറാനിയ പറഞ്ഞു. അതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ചയാണ് സേന ഓപ്പറേഷന്‍ ആരംഭിച്ചത്.
