കാസര്‍കോട്: പ്ലൈവുഡ് ഫാക്ടറിയിലെ തൊഴിലാളിയായ യുവാവിനെ ശുചിമുറിയുടെ വാതിലില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടക്കാട്, വന്നലോത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ പാക്കിംഗ് വിഭാഗം തൊഴിലാളിയായ കൗഷിക് ബാഗ്ഡി (24)യാണ് മരിച്ചത്. പശ്ചിമ ബംഗാള്‍, പണുറുയ, ബാര്‍ബം സ്വദേശിയാണ്. രണ്ടുവര്‍ഷമായി കൊടക്കാട്ടെ ഫാക്ടറിയില്‍ ജോലി ചെയ്തു വരികയായിരുന്നു കൗഷിക്. ഞായറാഴ്ച ഉച്ചവരെ കൗഷിക് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു. അതിനു ശേഷമാണ് ശുചിമുറിയിലെത്തി സിന്റക്‌സ് വാതിലിന്റെ ഫ്രെയിമില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയത്. സഹതൊഴിലാളികള്‍ ചേര്‍ന്ന് ഉടന്‍ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് ഉയര്‍ന്നേക്കാവുന്ന ആരോപണങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് മൃതദേഹം പരിയാരത്തേക്കു മാറ്റിയതെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേ സമയം കൗഷിഖിന്റെ ഫോണിലേക്ക് അവസാനമെത്തിയ കോളാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നു സംശയിക്കുന്നു. പ്രസ്തുത കോളിനു പിന്നാലെ കൗഷിഖ് തന്റെ കാമുകിയായ യുവതിയെ വിളിച്ചതായും പറയുന്നുണ്ട്. ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ചീമേനി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.