കണ്ണൂര്‍: പയ്യാമ്പലത്തെ പള്ളിയാം മൂല ബീച്ച് റോഡില്‍ ജീപ്പിടിച്ച് ആറ് വയസുകാരന്‍ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുഹാദാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അപകടം. ഉച്ചയോടെ ബന്ധുക്കളോടൊപ്പം പയ്യാമ്പലം ബീച്ചില്‍ എത്തിയതായിരുന്നു മുഹാദ്. റോഡരികില്‍ ഉണ്ടായിരുന്ന കുട്ടി റോഡ് മുറിച്ച് കടക്കവേ പള്ളിയാം മൂലയില്‍ നിന്നും പയ്യാമ്പലം ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പിടിക്കുകയായിരുന്നു. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പൊതുവാച്ചേരി ഖലീഫ മന്‍സിലിലെ വി എന്‍ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകനാണ്. മൃതദ്ദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജീപ്പ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുണ്ടായിരുന്നവരുടെയും ദൃക്‌സാക്ഷികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. കബറടക്കം തിങ്കളാഴ്ച രാവിലെ പൊതുവാച്ചേരി ജുമാ മസ്ജിദിൽ. സഹോദരങ്ങൾ: നാഫിയ, അമ്മാർ.