ചെന്നൈ: വിയറ്റ്‌നാം കോളനി സിനിമയില്‍ റാവുത്തര്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൈദരാബാദില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളികള്‍ക്ക് വിയറ്റ്‌നാം കോളനിയിലെ റാവുത്തര്‍ എന്ന കഥാപാത്രത്തിലൂടെയാണ് വിജയ രംഗ രാജു സുപരിചിതനായത്. ആരോഗ്യപ്രശ്നങ്ങള്‍ക്കൊപ്പം പരിക്കും ഏറ്റതോടെയാണ് അദ്ദേഹത്തിന്റെ നില വഷളായത്. എഴുപത് കാരനായ താരത്തിന് അപകടം പറ്റിയതിന് പിന്നാലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തെലുങ്കിലും മലയാളത്തിലും പ്രശസ്തനായ താരം വില്ലന്‍ വേഷങ്ങളിലും സഹനടന്‍ വേഷങ്ങളിലും കൈയ്യടി നേടിയിരുന്നു. ഗോപിചന്ദിന്റെ യജ്ഞം സിനിമയിലെ വില്ലന്‍ വേഷത്തിലൂടെ വലിയ പ്രശംസയാണ് രംഗ രാജു ഏറ്റുവാങ്ങിയത്. വിജയ രംഗരാജു നാടക നടനായിരുന്നു. നാടക അഭിനയത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. നന്ദമൂരി ബാലകൃഷ്ണ അഭിനയിച്ച ഭൈരവ ദീപം എന്ന തെലുഗു ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. അശോക ചക്രവര്‍ത്തി, സ്റ്റേറ്റ് റൗഡി, വിജയ് തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. തെലുഗു, മലയാളം ചലച്ചിത്ര രംഗത്ത് ഇദ്ദേഹം ഏറെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പല സൂപ്പര്‍താര ചിത്രങ്ങളിലും വില്ലന്‍, സഹനടന്‍ വേഷങ്ങളില്‍ ഇദ്ദേഹം തിളങ്ങി. വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.
സിനിമയിലെ അഭിനയത്തിന് പുറമെ ഭാരോദ്വഹനത്തിലും ബോഡി ബില്‍ഡിങ്ങിലും വിജയ രംഗരാജു ശ്രദ്ധ നേടിയിരുന്നു.
