ബംഗ്‌ളൂരു: 57കാരനായ കരാറുകാരനെ ഹണിട്രാപ്പില്‍പ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത കേസില്‍ നാലു പേര്‍ അറസ്റ്റില്‍. മുഖ്യപ്രതി നയന, സംഘാംഗങ്ങളായ സന്തോഷ്, അജയ്, ജയരാജ് എന്നിവരെയാണ് ബ്യാദരഹള്ളി പൊലീസ് അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികളെന്നു പൊലീസ് പറഞ്ഞു. നയനയുടെ മൊബൈല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സമാനരീതിയില്‍ കൂടുതല്‍ പേരെ നയനയും സംഘവും തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണിതെന്നു പൊലീസ് പറഞ്ഞു.
ഒരു പരിചയക്കാരന്‍ വഴിയാണ് 57കാരനായ സിവില്‍ കോണ്‍ട്രാക്ടര്‍ നയനയുമായി സൗഹൃദത്തിലായത്. പിന്നീട് ഈ ബന്ധം വളരുകയും നയന ആവശ്യപ്പെടുന്ന സമയത്തെല്ലാം 5000 മുതല്‍ 10000 രൂപ വരെ കരാറുകാരന്‍ നല്‍കുകയും ചെയ്തിരുന്നുവത്രെ. ആഴ്ചകള്‍ക്കു മുമ്പ് മഗഡി റോഡില്‍ കരാറുകാരന്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയില്‍ നയനയെ കണ്ടുമുട്ടി. തുടര്‍ന്ന് നയന കരാറുകാരനെ ചായ കുടിക്കാനായി തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. കരാറുകാരന്‍ ക്ഷണം സ്വീകരിച്ച് വീട്ടിലേക്ക് പോയി. തൊട്ടുപിന്നാലെ മൂന്നുപേര്‍ വീട്ടിലെത്തുകയും പൊലീസുകാരാണെന്നു പറയുകയും ചെയ്തു. കരാറുകാരനെ കയ്യേറ്റം ചെയ്ത സംഘം നഗ്നനാക്കിയ ശേഷം ഫോട്ടോകളെടുത്തു. തങ്ങളുടെ കൂടെയുള്ള വനിതാ ഉദ്യോഗസ്ഥ വീടിന്റെ താഴത്തെ നിലയില്‍ ഉണ്ടെന്നും പ്രശ്‌നം ഇവിടെ തീര്‍ക്കണമെന്നും ആവശ്യപ്പെട്ടു. ഇതു കേട്ട് ഭയന്ന കരാറുകാരന്‍ കൈവശമുണ്ടായിരുന്ന 29,000 രൂപയും ഫോണ്‍പേ വഴി 26,000 രൂപയും നല്‍കി. കരാറുകാരന്റെ സ്വര്‍ണ്ണ ചെയിനും മോതിരവും കൈക്കലാക്കിയാണ് സംഘം മടങ്ങിയത്. പൊലീസില്‍ പരാതി നല്‍കാനായിരുന്നു കരാറുകാരന്റെ തീരുമാനം. എന്നാല്‍ പൊലീസില്‍ പരാതി നല്‍കിയാല്‍ കുട്ടിയുമായി വീട്ടിലേക്ക് വരുമെന്ന് നയന ഇയാളെ ഭീഷണിപ്പെടുത്തി. പിന്നീട് ബന്ധുക്കളുമായി സംസാരിച്ച ശേഷമാണ് കരാറുകാരന്‍ ബ്യാദരഹള്ളി പൊലീസില്‍ പരാതി നല്‍കിയത്.
