ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പേരഡ്കയിലെ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കഡബ നൂജിബാള്‍ട്ടില ഹൊസമനെ കാന സ്വദേശി വിശ്വനാഥിന്റെ മകനുമായ ആശിഷ്(16) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഇച്ച്‌ലംപാടി -സുബ്രഹ്‌മണ്യ സംസ്ഥാന പാതയിലെ പേരഡ്കയിലാണ് അപകടം. സ്‌കൂളിലേക്ക് പോകവേ ആശിഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ നാട്ടുകാരനായ ശ്രീധര്‍ ഓടിയെത്തി കഡബയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അപകടം നടന്ന സ്ഥലത്തെ ഓവുചാല്‍ നിര്‍മിച്ചത് അശാസ്ത്രീയമായാണെന്നും ഇത് പല അപകടങ്ങള്‍ക്കും കാരണമാകുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. കഡബ പൊലീസ് കേസെടുത്തു.