പുത്തൂര്‍: ദമ്പതികളും മകനും പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയസമയത്ത് വീട്ടില്‍ നിന്നു 76 ഗ്രാം സ്വര്‍ണ്ണവും ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. പുത്തൂര്‍, കര്‍മ്മ സ്വദേശി സിനു കുര്യനെ(30)യാണ് കഡബ പൊലീസ് അറസ്റ്റു ചെയ്തത്.
ഞായറാഴ്ച നെക്കിലാടി, വില്ലേജിലെ മര്‍ദ്ദാളയിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ ജയിംസിന്റെ വീട്ടിലായിരുന്നു കവര്‍ച്ച. ഇദ്ദേഹവും ഭാര്യയും മകനും പള്ളിയിലേയ്ക്കു പോയതായിരുന്നു. കുടുംബം തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമായി കടന്നു കളയുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ കഡബ പൊലീസ് ചില സംശയങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കാരനായ സിനു കുര്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയ്ക്കു തുമ്പായത്. കടബാധ്യതമൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് മോഷണം നടത്താന്‍ പ്രേരിപ്പിച്ചതെന്നു പ്രതി പൊലീസിനു മൊഴി നല്‍കി. കവര്‍ച്ച പോയ സ്വര്‍ണ്ണം ഇയാളില്‍ നിന്നു കണ്ടെടുത്തു. കുറ്റകൃത്യം ചെയ്ത ശേഷം കുര്യന്‍ മാനസികമായി അസ്വസ്ഥനാവുകയും അറസ്റ്റു ഭയന്ന് ട്രെയിനിനു ചാടി മരിക്കാന്‍ ശ്രമിച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.