കുറ്റിക്കോല്‍: കൈയറി കൈയേറി പൊടിപ്പള്ളം ശ്രീവീരന്മാര്‍ കാവിലും കൈയേറ്റക്കാര്‍ കൊടികുത്താന്‍ പോവുകയാണെന്ന് നാട്ടുകാര്‍ അധികൃതരെ ചൂണ്ടിക്കാട്ടുന്നു.
നിയമനടത്തിപ്പില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രകടിപ്പിക്കുന്ന ഊര്‍ജസ്വലതയാണ് കൈയേറ്റക്കാര്‍ക്കു തിണ്ണമിടുക്ക് നല്‍കുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
കാവിലെ നൂറോളം മരങ്ങള്‍ കൈയേറ്റക്കാര്‍ അടുത്തിടെ നശിപ്പിച്ചു. അക്കാര്യം ബന്ധപ്പെട്ടവരെ നാട്ടുകാര്‍ അറിയിച്ചിരുന്നു. മരങ്ങള്‍ നശിപ്പിച്ച സ്ഥലം കൈയേറിക്കൊണ്ടിരിക്കുകയാണെന്നു അധികൃത കേന്ദ്രങ്ങളെ ധരിപ്പിച്ചിരുന്നുവെന്നു പറയുന്നു. എന്നിട്ടും അധികൃതര്‍ ഉപ്പുചാക്കുപോലെ ഉറച്ചിരിക്കുകയാണന്ന് അറിയിപ്പില്‍ പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പു ഒരു സ്വകാര്യ വ്യക്തിക്കു റോഡുണ്ടാക്കാന്‍ കാവിലെ വലിയ മരങ്ങള്‍ മുറിച്ചു മാറ്റി കാവിലൂടെ വഴി ഉണ്ടാക്കിയിരുന്നുവത്രെ. അതിനെതിരെ വനസംരക്ഷണ സമിതി ഒരു പരാതി അന്നത്തെ കളക്ടര്‍ക്കു നല്‍കിയിരുന്നു. ആ പരാതിയുടെ പേരില്‍ ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. അതിനു ശേഷം പിന്നീടുണ്ടായതു ഇപ്പോഴത്തെ നൂറോളം മരം നശിപ്പിക്കലും കാവു കൈയേറലുമാണെന്നു പരാതിക്കാര്‍ പറഞ്ഞു. കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ അധീനതയിലുള്ള കാവാണിതെന്നും ഇതെല്ലാം വിഷ്ണുഭഗവാന്‍ കാണുന്നുണ്ടെന്നും നാട്ടുകാര്‍ സമാധാനിക്കുന്നു.
