കാസര്‍കോട്: വ്യാജ ഒപ്പിട്ട് സ്വകാര്യ കെട്ടിടത്തിനു നല്‍കിയ നമ്പര്‍ റദ്ദാക്കിയ കാസര്‍കോട് നഗരസഭാ സെക്രട്ടറി പി.എ ജസ്റ്റിനെ കയ്യേറ്റം ചെയ്ത കേസില്‍ ദാവൂദ് കൊലക്കേസില്‍ പ്രതിയായ പ്രതി അറസ്റ്റില്‍. തളങ്കര പടിഞ്ഞാറിലെ യാസിന്‍ മന്‍സിലില്‍ യാസിന്‍ അബ്ദുള്ള (37)യെ ആണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. ഡിസംബര്‍ ആദ്യവാരത്തിലാണ് കേസിനാസ്പദമായ സംഭവം. തളങ്കരയിലെ ഒരു കെട്ടിടത്തിനു തന്റെ വ്യാജ ഒപ്പിട്ടു കെട്ടിട നമ്പര്‍ അനുവദിക്കുകയും പിന്നീടു നടത്തിയ പരിശോധനയില്‍ ഒപ്പ് വ്യാജമായി ഇട്ടതാണെന്നു വ്യക്തമായതോടെ കെട്ടിട നമ്പര്‍ സെക്രട്ടറി റദ്ദാക്കുകയും ചെയ്തിരുന്നു. ഈ വിരോധത്തില്‍ രണ്ടംഗസംഘം നഗരസഭാ ഓഫീസിനു മുന്നിലെത്തി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സെക്രട്ടറിയെ ജീവനക്കാരുടെ മുന്നില്‍ വച്ച് കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. കേസിലെ മറ്റൊരു പ്രതിയായ ശിഹാബിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പു ദാവൂദ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി തടങ്കലില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പൊയ്‌നാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ കേസ് ഉള്‍പ്പെടെ നാലു കേസുകളില്‍ പ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായ യാസിന്‍ അബ്ദുള്ളയെന്നു പൊലീസ് പറഞ്ഞു.
