കാസര്‍കോട്: പിടിച്ചുപറി കേസില്‍ ബന്ധമുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചുവെന്ന വിരോധത്തില്‍ യുവാവിനെതിരെ നരഹത്യയ്ക്കു ശ്രമിച്ചതായി പരാതി. ബേക്കല്‍, ഹദ്ദാദ് നഗറിലെ പി.എച്ച് വില്ലയില്‍ പി.എ മുഹമ്മദ് ഹനീഫ (39)യുടെ പരാതിയില്‍ ഹദ്ദാദ് നഗറിലെ അഹമ്മദ് കബീറിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.
ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ കോട്ടക്കുന്നിലെ ബേക്കല്‍ഫോര്‍ട്ട് കഫേയില്‍ ആണ് കേസിനാസ്പദമായ സംഭവം. ഇവിടെ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു പരാതിക്കാരനായ മുഹമ്മദ് ഹനീഫ. ഈ സമയത്ത് കഫെയില്‍ എത്തിയ അഹമ്മദ് കബീര്‍ കൈയില്‍ കരുതിയിരുന്ന ഏതോ ദ്രാവകം മുഹമ്മദ് ഹനീഫയുടെ മുഖത്തേക്ക് സ്േ്രപ ചെയ്യുകയും അരയില്‍ സൂക്ഷിച്ചിരുന്ന സോഡാ കുപ്പിയെടുത്ത് എറിയുകയുമായിരുന്നുവെന്നു കേസില്‍ പറയുന്നു. കുപ്പി ശരീരത്തില്‍ പതിച്ചിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്നും ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യക്തമാക്കി.
അതേ സമയം അഹമ്മദ് കബീറിനെ അക്രമിച്ചുവെന്നതിനു ഹദ്ദാദ് നഗറിലെ പി.എച്ച്. ഹനീഫ, നൗഷാദ് എന്നിവര്‍ക്കെതിരെ മറ്റൊരു കേസും ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു
