കാസര്‍കോട്: പുലി ഭീതിക്കിടയില്‍ വനത്തിലൂടെയുള്ള റോഡില്‍ കാട്ടുപോത്തിന്റെ സാന്നിധ്യവും.
ബോവിക്കാനം ഇരിയണ്ണി റോഡിലെ മഞ്ചക്കല്‍ ഭാഗങ്ങളിലാണു രാത്രി കാലങ്ങളിലും പകലും കാട്ടുപോത്തുകളെ കാണുന്നത്. ഇപ്പോള്‍ പട്ടാപ്പകലാണ് റോഡില്‍ കൂട്ടമായി വിഹരിക്കുന്നത്. റോഡരികിലും പരിസരങ്ങളിലുമായി കൂട്ടം ചേര്‍ന്നു നടക്കുന്ന കാട്ടുപോത്തുകള്‍ മുന്‍പ് വാഹന യാത്രക്കാരെ ആക്രമിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും യാത്രക്കാര്‍ സൂക്ഷിച്ചില്ലെങ്കില്‍ പ്രകോപനമില്ലാതെ തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. വേഗത്തിലെത്തുന്ന വാഹനങ്ങള്‍ക്കു മുന്‍പിലേക്കു പെട്ടെന്നു കാട്ടുപോത്തുകള്‍ വന്നുപെട്ടാല്‍ ആക്രമണത്തിന് സാധ്യത കൂടുതലാണെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. റോഡില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്ത ഭാഗങ്ങളിലും വളവുകളിലും ഇവ വാഹന യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാതെ പോകും. ആരെയും കാട്ടുപോത്തുകള്‍ ആക്രമിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏഴു കാട്ടുപോത്തുകളുടെ സാന്നിധ്യം ഇരിയണ്ണി വനത്തിലുണ്ട്. റോഡരികില്‍ നില്‍ക്കുന്ന കാട്ടുപോത്തിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താനും ഇവയെ അടുത്തു കാണുന്നതിനുമായി ഇവയുടെ അടുത്തേക്ക് വാഹനങ്ങള്‍ നീക്കി നിര്‍ത്തുന്നതും വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങുന്നതും അപകടത്തിന് വഴിവയ്ക്കുമെന്നു വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
