കാസർകോട്: മുനിസിപ്പൽ വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം ബഹളത്തിൽ കലാശിച്ചു. മുക്കാൽ മണിക്കൂറോളം നീണ്ടുനിന്ന വാക്കേറ്റവും ബഹളവും യോഗം അലങ്കോലപ്പെടുത്തി.
വിവരമറിഞ്ഞു എത്തിയ പൊലീസ് വാക്കേറ്റവും ഒച്ചപ്പാടും കയ്യാങ്കളിയിൽ എത്തുന്നത് തടഞ്ഞു. ബുധനാഴ്ച വൈകിട്ട് മുനിസിപ്പൽ ഡൈനിങ് ഹാളിൽ യോഗം ആരംഭിച്ച ഉടനെ പ്രതിപക്ഷ നേതാവ് പി. രമേശൻ പ്രതിഷേധവുമായി രംഗത്തുവന്നു. വർഷങ്ങളായി വർക്കിംഗ് കമ്മിറ്റി യോഗം മുനിസിപ്പാലിറ്റി പ്രഹസനം ആക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിനിടയിൽ 23 കോടി രൂപ ലാപ്സാക്കി. വർക്കിങ് കമ്മിറ്റി തയാറാക്കുന്ന പദ്ധതികൾ നടപ്പാക്കുന്നില്ല. റിപ്പോർട്ട് തിരുത്തി അഴിമതി ഭരണമാണ് നഗരസഭ ഭരണക്കാർ നാടിന് കാഴ്ചവയ്ക്കുന്നത് അദ്ദേഹം ആരോപിച്ചു. ലീഗ് കൃതിമ രേഖകൾ ഉണ്ടാക്കുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ 60 ശതമാനത്തിൽ അധികം പദ്ധതികൾ തുടങ്ങിയിട്ടില്ല. അത് പൂർത്തിയാക്കിയ ശേഷം മതി പുതിയ പദ്ധതി രൂപീകരണമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയമെല്ലാം മുനിസിപ്പൽ ചെയർമാനും പ്രസംഗിച്ചു നിന്നു. കൗൺസിലർമാർ ഇരു ചേരിയായി വാഗ്വാദത്തിൽ ഏർപ്പെട്ടു. വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും രാഷ്ട്രീയ ചേരി കളിൽ അണിനിരന്ന് അഭിപ്രായ പ്രകടനങ്ങളിൽ പങ്കാളികളായി. മുക്കാൽ മണിക്കൂറിനു ശേഷം ബിജെപി കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങി പോവുകയായിരുന്നു.
