കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കായര്‍ക്കട്ടയില്‍ നിറുത്തിയിട്ട ടിപ്പര്‍ ലോറിയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൈവളിഗെ, ബായാര്‍പദവ്, കാംകോ കോമ്പൗണ്ടിനു സമീപത്തെ അബ്ദുള്ളയുടെ മകന്‍ മുഹമ്മദ് അഷീഫ് (29) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 3.20 ന് കായര്‍ക്കട്ടയിലാണ് ടിപ്പര്‍ ലോറിക്കകത്ത് മുഹമ്മദ് അഷീഫിനെ അവശനിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ ഹൈവേ പട്രോളിംഗ് പൊലീസും നാട്ടുകാരും ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു ഫോണ്‍ കോള്‍ എത്തിയതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുഹമ്മദ് അഷീഫ് തന്റെ ടിപ്പര്‍ ലോറിയുമായി വീട്ടില്‍ നിന്നു ഇറങ്ങിയത്. ബന്ധുവായ ഒരാളാണ് ഫോണ്‍ വിളിച്ചത്. ഉപ്പളയില്‍ എത്തേണ്ട സമയമായിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് വീട്ടില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെയുള്ള കായര്‍ക്കട്ടയില്‍ റോഡരുകില്‍ നിര്‍ത്തിയിട്ട ലോറിയില്‍ മുഹമ്മദ് അഷീഫിനെ അവശനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും സാഹചര്യതെളിവുകള്‍ ദുരൂഹമാണ്. ഡ്രൈവറുടെ സീറ്റിനു സമീപത്തെ ഡോറിലും ലോറിക്ക് അകത്തും രക്തക്കറ കാണപ്പെട്ടു. ഒടിഞ്ഞ ലാത്തി പോലുള്ള മുളവടി ലോറിക്കകത്തു കാണപ്പെട്ടു. മുഹമ്മദ് അഷീഫിന്റെ ചെരുപ്പുകള്‍ റോഡരുകിലും കാണപ്പെട്ടു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോര്‍ട്ടം നടത്തിയാലെ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. മാതാവ്: സക്കീന. നാലു സഹോദരിമാരുണ്ട്.
