കാസര്‍കോട്: 3.06 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ യുവാവിനു ജാമ്യം നല്‍കുന്നതിനു കാസര്‍കോട് ജില്ലാ സെഷന്‍സ് ജഡ്ജി സാനു എസ്. പണിക്കര്‍ അപൂര്‍വ്വ വിധി പ്രസ്താവിച്ചു. ”നിങ്ങള്‍ മദ്യവും ലഹരിയും വര്‍ജ്ജിക്കുക, ലഹരി വഴി നിനക്ക് നഷ്ടമാകുന്നത് നിന്നെയും നിന്റെ സുഹൃത്തുക്കളെയും കുടുംബത്തേയുമാണ്” എന്നു എഴുതിയ ബോര്‍ഡുമായി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ വിവിധ സ്ഥലങ്ങളില്‍ ബോധവല്‍ക്കരണം നടത്തണമെന്നാണ് കോടതി വിധി. ബോധവല്‍ക്കരണ പരിപാടിയുടെ വീഡിയോ ചിത്രീകരിച്ച് കോടതിയില്‍ സമര്‍പ്പിക്കണമെന്ന് പൊലീസിനോടും ജാമ്യാപേക്ഷയില്‍ വിധിപ്രസ്താവിച്ച കോടതി നിര്‍ദ്ദേശിച്ചു.
കാഞ്ഞങ്ങാട്, പടന്നക്കാട്, കുറുന്തൂരിലെ ഷഫ്രീന മന്‍സിലിലെ അബ്ദുല്‍ സഫ്‌വാ(25)നു ജാമ്യം നല്‍കുന്നതിനാണ് കോടതി അപൂര്‍വ്വ വിധി പുറപ്പെടുവിച്ചത്. 2024 മെയ് 18ന് കാഞ്ഞങ്ങാട് മയ്യത്ത് റോഡില്‍ വച്ചാണ് അബ്ദുല്‍ സഫ്‌വാന്‍ എം.ഡി.എം.എയുമായി പിടിയിലായത്. പ്രതിയെ കോടതി റിമാന്റ് ചെയ്തിരുന്നു. പിന്നാലെ തന്നെ ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന അപേക്ഷയുമായി മുഹമ്മദ് സഫ്‌വാന്‍ ജില്ലാ കോടതിയെ സമീപിച്ചു. ജാമ്യം നല്‍കാന്‍ തയ്യാറായ കോടതി പ്രതിയോട് മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
