കാസര്‍കോട്: ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്താണെന്നു സംശയിക്കുന്നു, യുവാവ് സഹോദരന്റെ വീട്ടില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുമ്പള, മീങ്ങോത്തെ പൊന്നപ്പന്റെ മകന്‍ സജുലാല്‍ (38)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സഹോദരന്‍ സജുവിന്റെ വീട്ടിനുള്ളിലാണ് തൂങ്ങിയത്. പരിസരവാസികള്‍ ചേര്‍ന്ന് ഉടന്‍ തന്നെ താഴെയിറക്കി ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അമ്പലത്തറ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. സജുലാലിന്റെ ഭാര്യയും കൊല്ലം സ്വദേശിനിയുമായ യുവതി മാസങ്ങള്‍ക്കു മുമ്പ് പിണങ്ങിപ്പോയിരുന്നു. 9,4 വയസ്സുള്ള രണ്ടു മക്കളെ ഭര്‍തൃവീട്ടിലാക്കിയാണ് യുവതി പോയത്. അതിനു ശേഷം തിരിച്ചു വരികയോ മക്കളെ കൂട്ടിക്കൊണ്ടു പോവുകയോ ചെയ്തില്ല. യുവതി പിന്നീട് മറ്റൊരു വിവാഹം കഴിച്ചതായും പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
