ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും; അഴിയെണ്ണൽ തുടരുമോ? ജാമ്യം നൽകരുതെന്ന് സർക്കാർ, ബോച്ചേയ്ക്ക് പിന്തുണ അറിയിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായി ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. ബോബിക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ ആവശ്യപ്പെടും. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുക ആയിരുന്നെന്നും പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നും പ്രോസിക്യൂഷൻ അറിയിക്കും. അതേസമയം അത്ര ഗുരുതരമായ ആരോപണങ്ങളല്ല തനിക്കെതിരെ ഉളളതെന്നും പൊലീസ് ചോദ്യം ചെയ്യൽ അവസാനിച്ചതിനാൽ ജാമ്യം നൽകണമെന്നാണ് ബോബിയുടെ ആവശ്യം. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നുമുള്ള വാദങ്ങളാണ് വെള്ളിയാഴ്ച ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയിൽ ഉന്നയിച്ചത്.എന്നാൽ അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ശേഷമാണ് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. ജാമ്യം ലഭിക്കുകയാണെങ്കിൽ വൻ സ്വീകരണം ഒരുക്കാനാണ് ഓൾ കേരള മെൻസ് അസോസിയേഷന്റെ തീരുമാനം. ഹണി റോസ് സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്. ഹണി റോസിന് പിന്നിൽ ആരോ ഉണ്ടെന്നാണ് ബോബിയെ പിന്തുണക്കുന്നവർ സംശയിക്കുന്നത്. അതിനിടെ നടി ഹണിറോസിന്‍റെ പരാതിയിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ ഹൈക്കോടതി പൊലിസിന്‍റെ നിലപാട് തേടിയിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഈ മാസം 27 ന് പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. അതേസമയം രാഹുലിന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. എന്നാൽ ഹർജിക്കാരനെതിരെ നിലവിൽ കേസ് ഇല്ലെന്നും അതിനുളള സാധ്യത മുന്നിൽക്കണ്ടാണ് കോടതിയെ സമീപിച്ചതെന്നുമാണ് അഭിഭാഷകൻ അറിയിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page