കാസര്‍കോട്: സീതാംഗോളി ചൗക്കോട് പീലിപ്പള്ളത്തെ കുഴല്‍കിണര്‍ കരാറുകാരന്‍ തോമസ് ക്രാസ്ത കൊലക്കേസിന്റെ വിചാരണ ആരംഭിക്കുന്നു. ഇതിനു മുന്നോടിയായി ഉദുമ സ്വദേശിയായ കെ. പത്മനാഭനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. ക്രാസ്തയുടെ ഭാര്യയും രണ്ടു മക്കളും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പത്മനാഭനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു കൊണ്ട് ഉത്തരവായത്.
കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ കെ.പത്മനാഭന്‍ സിബിഐയുടെ പ്രോസിക്യൂഷന്‍ അസിസ്റ്റന്റായിരുന്നു. 2023 ജൂണ്‍ എട്ടിനാണ് വീട്ടില്‍ തനിച്ച് താമസിക്കുന്ന തോമസ് ക്രാസ്ത (62) കൊല്ലപ്പെട്ടത്. തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി വീടിനു പിന്‍വശത്തു സെപ്റ്റിക് ടാങ്കില്‍ തള്ളിയ നിലയിലായിരുന്നു കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. സംഭവത്തില്‍ കര്‍ണ്ണാടക, പുത്തൂര്‍ സ്വദേശികളും തോമസ് ക്രാസ്തയുടെ അയല്‍പക്കത്തു താമസക്കാരുമായ കെ. മുനീര്‍ (41), അഷ്‌റഫ് (41) എന്നിവരാണ് പ്രതികള്‍.
