Author – പി പി ചെറിയാന്‍
ഡാളസ്: 4 ഔണ്‍സ് വരെ കഞ്ചാവ് കൈവശം വയ്ക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്നു ഡാളസ് പോലീസിനോട് നിര്‍ദ്ദേശിച്ചു .
രണ്ട് ഔണ്‍സില്‍ താഴെ കഞ്ചാവ് കൈവശം വയ്ക്കുന്ന ആളുകളെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്ന മുന്‍ നിര്‍ദേശം..’ഡാളസ് ഫ്രീഡം ആക്ട്’ എന്നു പിന്തുണയ്ക്കുന്നവര്‍ വിളിക്കുന്ന പ്രൊപ്പോസിഷന്‍ ആര്‍ ആക്ട് , നവംബറിലെ തിരഞ്ഞെടുപ്പില്‍ 66% വോട്ടോടെ പാസായിരുന്നു .
കഴിഞ്ഞ വര്‍ഷം, മുന്‍ ഡാളസ് പോലീസ് മേധാവി എഡ്ഡി ഗാര്‍സിയ ഈ നിര്‍ദ്ദേശം പൊതു സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘എന്റെ അഭിപ്രായത്തില്‍, നിയമപാലകരില്‍ 32 വര്‍ഷമായി, ഇത് നമ്മുടെ നഗരത്തിലെ ചില പ്രദേശങ്ങളില്‍ നിയമവിരുദ്ധ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനും ജീവിത നിലവാരം മോശമാകുന്നതിനും ഇടയാക്കും,’ ഗാര്‍സിയ 2023 ല്‍ സിറ്റി കൗണ്‍സിലിനോട് പറഞ്ഞു.
ടെക്‌സസ് നിയമപ്രകാരം, രണ്ട് ഔണ്‍സോ അതില്‍ കുറവോ കഞ്ചാവ് കൈവശം വയ്ക്കുന്നത് 180 ദിവസം വരെ തടവും 2,000 ഡോളര്‍ വരെ പിഴയും ലഭിക്കാവുന്ന ക്ലാസ് ബി കുറ്റകൃത്യമാണ്. രണ്ട് മുതല്‍ നാല് ഔണ്‍സ് വരെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ഒരു വര്‍ഷം വരെ തടവും 4,000 ഡോളര്‍ വരെ പിഴയും ലഭിക്കാവുന്ന ക്ലാസ് എ കുറ്റകൃത്യമാണ്.
ഡാളസ് കൗണ്ടിയിലെ മരിജുവാന ദുരുപയോഗ കേസുകളില്‍ 97% രണ്ട് ഔണ്‍സില്‍ താഴെയുള്ള കഞ്ചാവിന് മാത്രമായിരുന്നുവെന്ന് ഡാളസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍ ക്രൂസോട്ട് പറഞ്ഞു.
വ്യാപകമായി കഞ്ചാവ് നിയമവിധേയമാക്കിയിട്ടില്ലാത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് ടെക്‌സസ്.