കാസര്‍കോട്: കേരളത്തിലങ്ങോളമിങ്ങോളമുള്ള മൗലവി ബുക്ക്സ്റ്റാള്‍, ഉടമയും ദീനി സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ എന്‍എം കറമുള്ള ഹാജി അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഖബറടക്കം രാത്രി എട്ട് മാലിക് ദീനാര്‍ ഖബര്‍സ്ഥാനില്‍ നടക്കും. കാസര്‍കോട് ടൗണ്‍ മുബാറക് മസ്ജിദ് ജനറല്‍ സെക്രട്ടറിയും മലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെയും ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെയും മുന്‍ ജനറല്‍ സെക്രട്ടറിയുമാണ്. തെരുവത്ത് ജുമാ മസ്ജിദ്, പുതിയ ബസ് സ്റ്റാന്റിലെ അന്‍സാര്‍ മസ്ജിദ്, കാസര്‍കോട് കണ്ണാടിപ്പള്ളി എന്നിവയുടെ ഭാരവാഹിയായിരുന്നു. നഗരത്തിലെ പ്രധാന മുസ്ലീം പള്ളികളിലൊന്നായ ടൗണ്‍ മുബാറക് മസ്ജിദിന്റെ പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ചു. ടൗണ്‍ ഹസനത്തുല്‍ ജാരിയ മസ്ജിദിന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. പതിറ്റാണ്ടുകളായി ഹജ്ജ് ക്യാമ്പുകളില്‍ നിസ്വാര്‍ത്ഥ ‘സേവനം കൊണ്ട് ശ്രദ്ധേയനായ കറമുല്ല ഹാജി ഹജ്ജാജികള്‍ക്ക് ഒരു മാര്‍ഗദര്‍ശിയായിരുന്നു. മൗലവി ബുക്ക്‌സ്, മൗലവി ട്രാവല്‍, മൗലവി ഡിസ്ട്രിബ്യൂട്ടേഴ്‌സ് സ്ഥാപനങ്ങളുടെ ഉടമയാണ്. 1930 കളില്‍ പിതാവ് എന്‍ അബ്ദുല്ല ഹാജി ആരംഭിച്ച മൗലവി ബുക്ക്‌സ് പിന്നീട് 1947 സ്വാതന്ത്ര്യാനനന്തരം വികസിച്ച് വരുകയായിരുന്നു. ഇപ്പോള്‍ കാസര്‍കോട്, കളമശ്ശേരി, കാഞ്ഞങ്ങാട്, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സ്വന്തമായി തന്നെ നോട്ടുപുസ്തകങ്ങള്‍ ഇറക്കിയിരുന്നു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റ്, ട്രാഫിക് ഐലന്റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ബീഫാത്തിമയാണ് മാതാവ്. ഭാര്യ: സഫിയ. മക്കള്‍: അമാനുള്ള, അന്‍വര്‍, അബ്ദുല്‍ സമദ്, ശിഹാബ്, ആരിഫ, നസീമ, സുമയ്യ, സഹറ. മരുമക്കള്‍: അബ്ദുല്‍ കരീം പാലക്കി, ഫസല്‍ റഹ്‌മാന്‍ മദീന, അബ്ദുല്ല (സുല്‍സണ്‍), നിസാമുദ്ദീന്‍ (യൂനിക് ബാഗ്). സഹോദരങ്ങള്‍: ലൈല, അസ്മ. പരേതനായ എന്‍.എ സുലൈമാന്‍(മൗലവി ട്രാവല്‍സ്).
.