കാസര്‍കോട്: പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജി വധവുമായി ബന്ധപ്പെട്ട് മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീനയുടെ സംഘത്തില്‍പ്പെട്ടവരെ ചോദ്യം ചെയ്തതിന് പിന്നാലെ രണ്ടുപേര്‍ ഗള്‍ഫിലേക്ക് കടന്നതായി സൂചന. ജിന്നുമ്മയുമായി ബന്ധമുള്ള ചിലര്‍ ചുരുങ്ങിയ കാലം കൊണ്ട് സമ്പാദ്യം ഉണ്ടാക്കിയതായി ഡിവൈ എസ് പി കെജെ ജോണ്‍സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പൂച്ചക്കാട് സ്വദേശിയായ അബ്ദുല്‍ റഹ്മാന്, മകന് ഷമ്മാസ് എന്നിവരേയും അന്വേഷണം സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. മൗവ്വല്‍ സ്വദേശി റാബിയ, മക്കളായ ഉവൈസ്, റയീസ് എന്നിവരെ ചോദ്യം ചെയ്തതില്‍ ലക്ഷക്കണക്കിന് രൂപ കൈകാര്യം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യം വിടാന്‍ പാടില്ലെന്ന് ഷമ്മാസിന് കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും ഇയാള്‍ ഗള്‍ഫിലേക്ക് കടന്നു. മൗവ്വല്‍ സ്വദേശിയായ ഉവൈസും അന്വേഷണ സംഘത്തിന്റെ നിര്‍ദേശം അവഗണിച്ച് വിദേശത്തേക്ക് രക്ഷപ്പെട്ടതായി സംസാരമുണ്ട്.
ഇതോടെ അന്വേഷണം കൃത്യമായി മുന്നോട്ട് കൊണ്ട് പോകാനാവാത്ത അവസ്ഥയിലാണ് അന്വേഷണ സംഘമെന്ന് പറയുന്നു. ജിന്നുമ്മയുടെ സംഘത്തിലെ കൂടുതല്‍ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതില്‍ ഒരു വരുമാനവുമില്ലാത്തവര്‍ ആഡംബര വീടുണ്ടാക്കിയത് എങ്ങനെയെന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ജിന്നുമ്മയ്ക്കും സംഘത്തിനും ഉന്നത ബന്ധങ്ങളുടെണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി നേരത്തെ ആരോപിച്ചിരുന്നു. മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീന, ഭര്‍ത്താവ് ഉബൈസ്, ജിന്നുമ്മയുടെ സഹായി അസ്നിഫ, സ്വര്‍ണ്ണം വില്ക്കാന് സഹായിച്ച ആയിഷ എന്നിവരാണ് കേസില്‍ റിമാന്‍ഡിലുള്ളത്. ജിന്നുമ്മയുമായി ബന്ധപ്പെട്ട് കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നു പറയുന്നു.
