കൊച്ചി: മലയാളത്തിന്റെ ഭാവ ഗായകന്‍ പി ജയചന്ദ്രന് വിട കേരളം നല്‍കി. ചേന്ദമംഗലം പാലിയത്തെ വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ജയചന്ദ്രനിലെ പാട്ടുകാരനെ ഉണര്‍ത്തിയ പാലിയത്തെ മണ്ണിലാണ് ഇനി നിത്യ ഹരിത ഗായകന്റെ അന്ത്യ വിശ്രമം. വൈകിട്ട് നിശ്ചയിച്ച ചടങ്ങുകള്‍ നേരത്തെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഭൗതിക ശരീരം പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് ഇരിങ്ങാലക്കുടയില്‍ ജയചന്ദ്രന്‍ പഠിച്ച നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിച്ച് പൊതുദര്‍ശനം നടത്തി. അവിടെനിന്നാണ് പാലിയത്തെ കുടുംബ വീട്ടിലെത്തിച്ചത്. അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളാണെത്തിയത്. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികള്‍ സംസ്‌കാര ചടങ്ങിനെത്തി. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മകന്‍ ദിനനാഥന്‍ ചിതയ്ക്ക് തീ കൊളുത്തി. ഇതിഹാസ സമാനമായ ഒരു സംഗീതകാലത്തിനാണ് ജയചന്ദ്രന്‍ വിടവാങ്ങിയതോടെ അവസാനമായത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജനുവരി 9, വ്യാഴാഴ്ച രാത്രി 7.45നായിരുന്നു അന്ത്യം. വീട്ടില്‍ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 80 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ജയചന്ദ്രന് ലഭിച്ചിട്ടുണ്ട്. 5 തവണയാണ് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കിയത്. സുപ്രഭാതം, ഹര്‍ഷബാഷ്പം തൂകി, നിന്‍ മണിയറയിലെ തുടങ്ങിയവ ആ മാന്ത്രിക ശബ്ദത്തില്‍ വിടര്‍ന്നതാണ്.