കാസര്‍കോട്: പാതിരാത്രിയില്‍ നാട്ടുകാരെ ഭീതിയാലാഴ്ത്തിക്കൊണ്ട് ബൈക്കോട്ടം പതിവാക്കിയ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മൊഗ്രാല്‍പുത്തൂര്‍, ചൗക്കിയിലെ മുഹമ്മദ് ജുനൈദ് ബി.എ(19), കാസര്‍കോട് അണങ്കൂരിലെ അഹമ്മദ് അല്‍ ഹബില്‍ (20) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ഇവര്‍ ഓടിച്ചിരുന്ന ഡ്യൂക്ക്, യമഹ ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. നമ്പര്‍ പ്ലേറ്റും സൈലന്‍സറിലെ മഫ്‌ളറും ഊരിവച്ച നിലയിലായിരുന്നു ബൈക്കുകളെന്ന് പൊലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങളായി കുമ്പള, ബദ്‌രിയ നഗര്‍ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ കാതടപ്പിക്കുന്ന ശബ്ദം ഉണ്ടാക്കിയുള്ള ബൈക്കോട്ടം പതിവാണത്രെ. ഇതു സംബന്ധിച്ച് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയിലും ബൈക്കോട്ടം നടക്കുന്നതായി വിവരം ലഭിച്ച പൊലീസ് സംഘം വേഷം മാറി കാറിലെത്തിയാണ് രണ്ടുപേരെയും അറസ്റ്റു ചെയ്തത്.