തിരുവനന്തപുരം: ബാലരാമപുരത്ത് സമാധിയാകാന്‍ പോകുന്നു എന്ന് പറഞ്ഞ പിതാവിനെ മക്കള്‍ സ്ലാബിട്ട് മൂടിയതായി നാട്ടുകാര്‍. സംഭവത്തില്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി അന്വേഷണസംഘം. ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നെയ്യാറ്റിന്‍കര സിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ നടപടിയുടെ ഭാഗമായി മൂടിയ സ്ഥലം പൊളിച്ചു കൂടുതല്‍ പരിശോധന നടത്തും. സംഭവത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് നാട്ടുകാരും രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം രാവിലെ ഗോപന്‍ സ്വാമി സമാധിയായി എന്ന വിവരം കാണിച്ചുകൊണ്ട് വീട്ടുകാര്‍ പോസ്റ്റുകള്‍ ഇട്ടപ്പോഴാണ് നാട്ടുകാര്‍ പോലും മരണവിവരം അറിയുന്നത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. സ്വന്തം ഇഷ്ടപ്രകാരമാണ് ഗോപന്‍ സ്വാമിയെ ‘സമാധി’ ഇരുത്തിയത് എന്നാണ് മക്കളുടെ പ്രതികരണം. മാത്രമല്ല ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് തങ്ങളുടെ ക്ഷേത്രം വളരുന്നതില്‍ അസൂയ ഉള്ളവരാണെന്നും മക്കള്‍ പറയുന്നു. പിതാവ് പറഞ്ഞതനുസരിച്ചാണ് കര്‍മ്മങ്ങള്‍ ചെയ്തതെന്നും ഗോപന്‍ സ്വാമി ജീവല്‍സമാധിയായതാണെന്നുമാണ് മകന്‍ പറയുന്നത്. വര്‍ഷങ്ങളായി വീടിനോട് ചേര്‍ന്ന് ഒരു ശിവക്ഷേത്രം നിര്‍മിച്ച് പൂജാകര്‍മ്മങ്ങള്‍ ചെയ്തു വരികയായിരുന്നു മരിച്ച ഗോപന്‍ സ്വാമി.
അസുഖബാധിതനായതോടെ നാട്ടുകാരില്‍ ചിലരോടും വാര്‍ഡ് മെമ്പറോടും ‘ഞാന്‍ മരിച്ചതിനുശേഷം എന്നെ സമാധി ഇരുത്തണം’ എന്ന് ഇദ്ദേഹം അറിയിച്ചിരുന്നതായാണ് വിവരം. ഭാര്യയോടും മക്കളോടും ഇതേ ആവശ്യം അറിയിച്ചിരുന്നതായി അവരും പറയുന്നു. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം പിതാവ് തന്നെ ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്തിരുന്നതായി മകന്‍ പറയുന്നു. 9ന്
രാവിലെ 11 മണിയോടെ ഗോപന്‍ സ്വാമി മരിച്ചെന്നും അതിനുശേഷം രാത്രിയോടെ മരണാന്തര ചടങ്ങുകള്‍ ചെയ്തു സമാധി ആക്കിയെന്നുമാണ് മക്കള്‍ മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞത്. മരണാന്തര ചടങ്ങിലേക്ക് നാട്ടുകാരെ അടുപ്പിച്ചില്ല. രാജസേനന്‍, സനന്തന്‍ എന്നീ രണ്ട് ആണ്‍മക്കളും മരണപ്പെട്ട സ്വാമിയുടെ ഭാര്യ സുലോചനയും മരുമകളും മാത്രമാണ് മരണാന്തര ചടങ്ങുകള്‍ ചെയ്യാന്‍ ഉണ്ടായിരുന്നത്. ഗോപന്‍ സ്വാമിയെ ‘സമാധി’ ഇരുത്തിയ ഇടം പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്.