മലപ്പുറം: ബൈക്ക് മോഷണം പോയെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ക്ഷേത്ര മോഷണകേസില്‍ പിടിയിലായി. ഗുരുവായൂര്‍ കണ്ടാണശേരി സ്വദേശി പൂത്തറ അരുണിനെയാണ് എടപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ മോഷണം നടത്തി മടങ്ങുന്നതിനിടെ ബൈക്ക് മറന്നുവച്ചെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോഴാണ് കള്ളനെ പൊലീസ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ 5 നാണ് കാന്തല്ലൂര്‍ ക്ഷേത്രത്തില്‍ മോഷണം നടന്നത്. ഓട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവിന് 8,000 രൂപയാണ് ആകെ കിട്ടിയത്. ബൈക്കിലെത്തിയാണ് അരുണ്‍ മോഷണം നടത്തിയത്. പക്ഷേ, പണം കിട്ടിയ ആവേശത്തില്‍ ബൈക്ക് എടുക്കാന്‍ മറന്ന് സ്ഥലം വിടുകയായിരുന്നു. അടുത്ത ദിവസം ക്ഷേത്രപരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബൈക്ക് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.
ക്ഷേത്രഭാരവാഹികള്‍ നല്‍കിയ മോഷണ പരാതിയില്‍ പൊലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പൊലീസ് സ്റ്റേഷനിലെത്തിച്ച ബൈക്കിന്റെ രേഖകള്‍ പരിശോധിച്ചുവരുന്നതിനിടയിലാണ് അരുണ്‍ സ്റ്റേഷനിലെത്തിയത്. തന്റെ ബൈക്ക് മോഷണം പോയെന്നും നടപടിയുണ്ടാവണമെന്നുമായിരുന്നു അരുണിന്റെ ആവശ്യം. ഇയാളുടെ പെരുമാറ്റത്തില്‍ സംശയങ്ങള്‍ തോന്നിയതോടെ പൊലിസ് അകത്തുകൊണ്ടു പോയി ചോദ്യം ചെയ്യുകയായിരുന്നു. തന്റെ ബൈക്ക് മോഷ്ടിച്ചവരാകാം ക്ഷേത്രത്തില്‍ മോഷണം നടത്തിയതെന്ന് അരുണ്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ബൈക്കുമായി എന്തിന് അവിടെ ചെന്നുവെന്ന ചോദ്യത്തിന് അരുണിന് ഉത്തരംമുട്ടി. തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.