കാസര്‍കോട്: മലയോര മേഖലയായ പരപ്പയില്‍ നിന്നും എളുപ്പത്തില്‍ കരിന്തളം പഞ്ചായത്ത് കേന്ദ്രമായ കോയിത്തട്ടയിലേക്ക് എത്തിപ്പെടാന്‍ പറ്റുന്ന മയ്യങ്ങാനം കോളംകുളം റോഡിലെ ടാറിങ് പ്രവൃത്തി പാതി വഴിയില്‍ ഉപേക്ഷിച്ചതായി ആരോപണം. ടാറിങ് പ്രവര്‍ത്തി കുമ്പളപ്പള്ളിയില്‍ അവസാനിപ്പിച്ചിരിക്കുകയാണ് കരാറുകാര്‍. കോളംകുളം മുതല്‍ മയ്യങ്ങാനം വരെയുള്ള മൂന്നര കിലോമീറ്ററോളം ദൂരത്തില്‍ റോഡ് പൊട്ടിത്തകര്‍ന്ന് കിടക്കുകയാണ്. വാഹനങ്ങള്‍ക്ക് കടന്നു പോകുന്നത് വളരെ ബുദ്ധിമുട്ടിയാണ്. ഉമിച്ചി, മയ്യങ്ങാനം, ചെമ്പേന, കാളാമൂല, ചിറ്റമൂല പുലയനടുക്കം, കാരകുന്ന് തുടങ്ങിയ ഒറ്റപെട്ട മേഖലകളിലെ സാധാരണക്കാരായ ജനങ്ങള്‍ കോയിത്തട്ടയിലെ പഞ്ചായത്ത് ഓഫീസ്, ആശുപത്രി, വില്ലജ് ഓഫീസ്, കുമ്പളപ്പള്ളി സ്‌കൂള്‍ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളിലേക്ക് പോകുവാന്‍ ഉപയോഗിക്കുന്ന റോഡ് ആണ് ഇത്. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നുണ്ട്. കോയിത്തട്ട മുതല്‍ കോളംകുളം വരെ വീതി കൂട്ടി മേക്കാഡം ടാറിങ് ചെയ്യണമെന്ന് നിരവധി തവണ നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. എത്രയും പെട്ടന്ന് ടാറിങ് പ്രവൃത്തി പുര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോളംകുളം റെഡ് സ്റ്റാര്‍ ക്ലബ് യോഗം ജില്ലാ പഞ്ചായത്തിന് നിവേദനം നല്‍കിയിട്ടുണ്ട്.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/IMG-20250119-WA0135.jpg)