ഭോപ്പാല്‍: കുടിലിനു തീപിടിച്ചു അത്യാസന്ന നിലയില്‍ പൊള്ളലേറ്റ ആറു മാസത്തിനും മൂന്നു വയസ്സിനുമിടയില്‍ പ്രായമുള്ള മൂന്നു പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ പൊള്ളലേറ്റ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്നു.
മധ്യപ്രദേശിലെ ദാമോയില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായത്. മരക്കഷ്ണങ്ങളും പുല്ലും കൊണ്ട് ഉണ്ടാക്കിയ വീടിനുള്ളില്‍ കുട്ടികള്‍ക്കു വേണ്ടി ഉരുളക്കിഴങ്ങു പുഴുങ്ങാന്‍ ഉണ്ടാക്കിയ തീയില്‍ നിന്നാണ് കുട്ടികള്‍ക്കു തീപിടിച്ചത്. ആറു മാസമുള്ള കുട്ടിക്കാണ് ആദ്യം തീപിടിച്ചതെന്നു പറയുന്നു. ആ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മറ്റു കുട്ടികള്‍ക്കും തീപിടിച്ചു.
കൂലിപ്പണിക്കാരായ കുടുംബാംഗങ്ങള്‍ ഖിലന്‍സിംഗ് രാജ്പുത്ത് എന്നയാളുടെ കര്‍ഷകത്തൊഴിലാളികളാണ്. പിതാവ് ഗോവിന്ദ് ആദിവാസിയും കുടുംബവും കൂലിപ്പണിക്ക് പോയതായിരുന്നു.
ജാന്‍വി ആദിവാസി (മൂന്നു വയസ്സ്), കീര്‍ത്തി ആദിവാസി (രണ്ടുവയസ്സ്), മല്‍ട്ടി ആദിവാസി (ആറുമാസം) എന്നിവര്‍ക്കാണ് തീപിടിച്ചത്. ഇവരില്‍ മല്‍ട്ടിയും കീര്‍ത്തിയുമാണ് മരിച്ചത്. ജാന്‍വി ഗുരുതരനിലയില്‍ ചികിത്സയില്‍ കഴിയുന്നുവെന്നു ജില്ലാ കളക്ടര്‍ ഡോ. സുധീര്‍ കോച്ചാര്‍ പറഞ്ഞു. അപകടത്തില്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് ദുഃഖം പ്രകടിപ്പിച്ചു. മരിച്ച രണ്ടു കുട്ടികള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ചികിത്സയിലുള്ള കുട്ടിക്ക് ഒരു ലക്ഷം രൂപയും രക്ഷിതാക്കള്‍ക്കു അടിയന്തിരസഹായമായി നല്‍കി.