കാസർകോട്: പുത്തിഗെ, ബദിയടുക്ക, എന്‍മകജെ പഞ്ചായത്തുകളുടെ സംഗമ സ്ഥലവും പുത്തിഗെ പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ടതുമായ അരിയപ്പാടി തെമർ ഗ്രൗണ്ട് പുത്തിഗെ പഞ്ചായത്ത് ഗ്രൗണ്ടായി പ്രഖ്യപിച്ചു. സ്വകാര്യ വ്യക്തി ഇതേ സ്ഥലം കൈവശാവകാശ സ്ഥലമാണെന്നു അവകാശപ്പെട്ടെങ്കിലും 1998 ൽ ഹൈക്കോടതി ഇതു സർക്കാർ സ്ഥലമായി പ്രഖ്യാപിച്ചിരുന്നു.
9 വർഷമായി പൊതു പ്രവർത്തകനായ സന്തോഷ് കുമാറും വാർഡ് മെമ്പർ അബ്‌ദുൾ മജിദും പഞ്ചായത്ത് ഭരണ സമിതിയും നടത്തിയ നിയമ പോരാട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉപ്പളയിൽ നടന്ന താലൂക്ക് തല അദാലത്തിൽ നൽകിയ പരാതിയും ഹാജരാക്കിയ രേഖകളും പരിഗണിക്കുകയും മന്ത്രി വി അബ്‌ദുൾ റഹിമാൻ സ്ഥലം ഏറ്റുക്കാൻ പഞ്ചായത്തിനോടു നിർദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആൽവ ഇതേ സ്ഥലത്തു പഞ്ചായത്ത് ഗ്രൗണ്ട് എന്ന ബോഡ് സ്ഥാപിക്കുകയും പഞ്ചായത്തു ഗ്രൗണ്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമൻ അബ്‌ദുൾ മജിദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനിത, പഞ്ചായത്ത് അംഗം പ്രേമ എസ് റൈ, പൊതു പ്രവർത്തകരായ കമറുദ്ധീൻ, ഡി എൻ രാധാകൃഷ്ണൻ, ശിവപ്പ റൈ, പ്രദീപ് കുമാർ, നിയാസ് മലബാറി, ലത്തീഫ് കുദുപ്പംകുഴി, മജീദ് കൽക്കത്ത, ഇബ്രാഹിം മാസ്റ്റർ, അസീസ് മാസ്റ്റർ, ഉദയകുമാർ, മസ്തൂക്,രാമണ്ണ ജാലു, സന്തോഷ് കുമാർ പ്രസംഗിച്ചു.