പുത്തൂര്‍: യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 21-ാം പ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതിയും തള്ളി. പുത്തൂര്‍, ഒളമുഗര്‍ സ്വദേശി മുഹമ്മദ് ജാബിറിന്റെ അപേക്ഷയാണ് തള്ളിയത്. ഇയാള്‍ നല്‍കിയ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതിയും കര്‍ണ്ണാടക ഹൈക്കോടതിയും തള്ളിയതോടെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ കീഴ് കോടതികളുടെ നിലപാട് സുപ്രിംകോടതിയും ശരി വയ്ക്കുകയായിരുന്നു. 2022 ജുലായ് 26ന് രാത്രിയിലാണ് യുവമോര്‍ച്ചാ നേതാവായ പ്രവീണ്‍ നെട്ടാരുവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കടയടച്ച് വീട്ടിലേക്ക് പോകാനായി ഒരുങ്ങുന്നതിനിടയില്‍ ബൈക്കുകളില്‍ എത്തിയ ഒരു സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യം സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എയ്ക്കു വിടുകയായിരുന്നു. കൊലപാതകത്തിനു ശേഷം വിദേശത്തേക്കു രക്ഷപ്പെട്ട പ്രതികളില്‍ ഒരാളായ മുന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവായ കൊഡാജെ, മുഹമ്മദ് ഷെരീഫിനെ അടുത്തിടെയാണ് എന്‍.ഐ.എ അറസ്റ്റു ചെയ്തത്. കേസില്‍ മൂന്നു പേരെ ഇനിയും കിട്ടാനുണ്ട്.