കണ്ണൂര്‍: പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാലു സിപിഎം നേതാക്കളും ജയില്‍ മോചിതരായി. ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, മുന്‍ ലോക്കല്‍ സെക്രട്ടറിമാരായ കെ.വി ഭാസ്‌കരന്‍, രാഘവന്‍ വെളുത്തോളി എന്നിവരാണ് വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. ഇരട്ടക്കൊലക്കേസില്‍ നാലുപേരെയും എറണാകുളം പ്രത്യേക സിബിഐ കോടതി അഞ്ചുവര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ശിക്ഷ സ്റ്റേ ചെയ്തതോടെയാണ് നാലു പേരും ജയില്‍മോചിതരായത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍, വി.വി രമേശന്‍, എം രാജഗോപാലന്‍ എം.എല്‍.എ തുടങ്ങിയവര്‍ രക്തഹാരം അണിയിച്ച് കെ.വി കുഞ്ഞിരാമന്‍ അടക്കമുള്ള നേതാക്കളെ ജയിലിനു മുന്നില്‍ സ്വീകരിച്ചു.
നേതാക്കള്‍ക്കു കാഞ്ഞങ്ങാട്ട് സ്വീകരണം നല്‍കാന്‍ നേരത്തെ ആലോചിച്ചിരുന്നുവെങ്കിലും അവസാന നിമിഷം അത് ഒഴിവാക്കിയെന്നാണ് സൂചന. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം ഉണ്ടെന്നും പ്രതിയായത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്നും ജയില്‍ മോചിതനായ ശേഷം കെ.വി കുഞ്ഞിരാമന്‍ പറഞ്ഞു.