തൃശൂർ:അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ (81) അന്തരിച്ചു.
അർബുദ ബാധിതനായ അദ്ദേഹം, തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലളിതസുന്ദര സ്വരമാധുര്യവുമായി അഞ്ച് പതിറ്റാണ്ട് ആയിരക്കണക്കിന് പാട്ടുകൾ പാടിതീർത്ത് 81-ാം വയസ്സിലാണ് അദ്ദേഹം വിടപറഞ്ഞത്. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആരാധകരെ സൃഷ്ടിച്ചു. വിവിധ ഭാഷകളിലായി ആകെ 16000-ലധികം ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്. കുറച്ച് സിനിമകളിലും അഭിനയിച്ചു. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം ആറ് തവണയും ദേശീയ അവാർഡ് ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴിൽ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ഗാനത്തിന് 1994 ലെ മികച്ച ഗായകനുള്ള അവാർഡ് ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം എന്ന വലിയ അംഗീകാരവും അദ്ദേഹത്തെ തേടിയെത്തി. 2021-ൽ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചു. 1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത് ജനിച്ചു. പിന്നീട് കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം, ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂൾ കലോത്സവങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടി 1966 ൽ ചെന്നൈയിൽ പ്യാരി കമ്പനിയിൽ കെമിസ്റ്റായി. അതിനുശേഷം ആണ് സിനിമാ പിന്നണി ഗായകൻ ആയത്. 1958 ലെ സംസ്ഥാന യുവജനമേളയിൽ പങ്കെടുക്കവേ ജയചന്ദ്രൻ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോൾ അതേ വർഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്കാരം അദ്ദേഹം നേടി. ആ വർഷം തന്നെ കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്കരൻ-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഒരൊറ്റ ഗാനം ജയചന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായി. ചിദംബരനാഥിൽ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങൾ ആലപിക്കാനുള്ള ഭാഗ്യം ജയചന്ദ്രനുണ്ടായി. പി.ഭാസ്കരനും വയലാറും മുതൽ പുതിയതലമുറയിലെ ബി.കെ ഹരിനാരായണൻ വരെയുള്ള കവികളുടെ വരികൾക്ക് ആ ശബ്ദത്തിലൂടെ ജീവൻതുടിച്ചു. സി ഐ.ഡി നസീറിലെ നിൻ മണിയറയിലെ, ഉദ്യോഗസ്ഥയിലെ അനുരാഗ ഗാനം പോലെ, പ്രേതങ്ങളുടെ താഴ് വരയിലെ മലയാള ഭാഷതൻ മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികൻ ഞാൻ, മായയിലെ സന്ധ്യക്കെന്തിന് സിന്തൂരം, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന ചിത്രത്തിലെ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു അങ്ങനെ മലയാളികൾ ഒരിക്കലും മറക്കാത്ത നൂറുകണക്കിന് ഗാനങ്ങൾ ജയചന്ദ്രന്റെ സ്വരമാധുരിയിൽ പുറത്തുവന്നിട്ടുണ്ട്. 1986-ൽ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സർവ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരമെത്തി. 1972-ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978-ൽ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ൽ നിറത്തിലെ പ്രായം നമ്മിൽ മോഹം നൽകി, 2004-ൽ തിളക്കത്തിലെ നീയൊരു പുഴയായ്, 2015-ൽ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴുമിലെ മലർവാകക്കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളായിരുന്നു ഏറെ ഹിറ്റായത്.