കല്‍പറ്റ: വയനാട് ഡിസിസി ട്രഷററര്‍ എന്‍.എം വിജയനും മകനും ജീവനൊടുക്കിയതില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ഡി അപ്പച്ചന്‍, കെകെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി. ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ പൊലീസ് ബത്തേരി കോടതിയില്‍ സമര്‍പ്പിച്ചു.
അസ്വഭാവിക മരണത്തിന് എടുത്ത കേസിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രേരണാക്കുറ്റം കേസിലുള്‍പ്പെടുത്തിയത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള്‍ എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എന്നിവരുള്‍പ്പെടെയുള്ള പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. കെഎല്‍ പൗലോസ് ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ക്കൊപ്പം നേരത്തെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പരേതനായ പി വി ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്. അതേസമയം, കേസില്‍ വിജിലന്‍സ് അന്വേഷണവും തുടരുന്നുണ്ട്. കൂടുതല്‍ മൊഴികള്‍ വിജിലന്‍സ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
വിഷം കഴിച്ചു മരിക്കുന്നതിന് മുന്‍പ് മൂത്ത മകന്‍ വിജേഷിന് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിജയന്‍ വ്യക്തമാക്കുന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാര്‍ട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി വിജയന്‍ പരാമര്‍ശിക്കുന്നത്. ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് കത്തില്‍ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എം എല്‍ എ ആണെന്ന് ആരോപിക്കുന്ന കത്തില്‍ ഈ വിവരങ്ങളെല്ലാം കെ പി സി സി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്. ഡി സി സി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കള്‍ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന സ്വഭാവമുള്ള കത്തുകള്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയില്‍ എഴുതി സൂക്ഷിച്ചിരുന്നു. എന്‍ എം വിജയന്റെ ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ ആണ് എല്‍ഡിഎഫ് തീരുമാനം.