കാസര്‍കോട്: പെരിയ, കുണിയ ദേശീയപാതയില്‍ ബേക്കല്‍ പൊലീസ് ബുധനാഴ്ച രാത്രി 7.30 മണിയോടെ നടത്തിയ കഞ്ചാവ് വേട്ട സംബന്ധിച്ച കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. പൊലീസിനെ കണ്ട് കാറില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തി. ചെരുമ്പ സ്വദേശികളായ ആറൂഫ്, കബീര്‍, ബോവിക്കാനത്തെ അനസ് എന്നിവരുടെ വീടുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ മൂന്നു പേരും സ്വന്തം വീടുകളില്‍ എത്തിയിട്ടില്ലെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. കാറില്‍ കഞ്ചാവു കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജ്, ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം എസ്‌ഐ മാരായ ബാവ അക്കരക്കാരന്‍, അജയ്, സിപിഒ മാരായ വിനീഷ്, സാജന്‍ എന്നിവര്‍ കുണിയ ദേശീയ പാതയില്‍ എത്തിയത്. പെരിയ ഭാഗത്തു നിന്നു വരികയായിരുന്ന കാര്‍ കൈ കാണിച്ചു നിര്‍ത്തിയപ്പോള്‍ മൂന്നു പേര്‍ ഇറങ്ങിയോടിയെങ്കിലും സംഘത്തവനായ മുളിയാര്‍, പൊവ്വലിലെ ബാസിതിനെ കയ്യോടെ പിടികൂടി. കാറിനകത്തു നടത്തിയ പരിശോധനയിലാണ് 29.300 കിലോ കഞ്ചാവ് കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ കഞ്ചാവ് സ്ഥലത്തു വച്ചു തന്നെ തൂക്കി തിട്ടപ്പെടുത്തിയ ശേഷമാണ് പ്രതിയെയും കൊണ്ട് പൊലീസ് സംഘം മടങ്ങിയത്.
അറസ്റ്റിലായ ബാസിതിനെതിരെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഒന്നരക്കോടിയോളം ചെലവു വരുന്ന വീട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നത്.
അതേ സമയം കഞ്ചാവ് കടത്തിനു ഉപയോഗിച്ച കാറില്‍ നിന്നു രക്ഷപ്പെട്ട പ്രതികളില്‍ രണ്ടു പേരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് കണ്ടെടുത്തു. ഈ ഫോണുകള്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. പരിശോധന പൂര്‍ത്തിയാകുന്നതോടെ ബാസിത്തിന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് ഇടപാട് സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.