കാസർകോട്: 500 രൂപയുടെ 4 കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ. പാലക്കുന്ന്, ആറാട്ടുകടവ്, എരോൽ സ്വദേശിയായ വിനോദ് ആണ് പിടിയിലായത്. ബുധനാഴ്ച്ച വൈകുന്നേരം പാലക്കുന്നിലെ ഒരു മൊബൈൽ ഷോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്. ഫോണിന്റെ ഡിസ്പ്ലെ നന്നാക്കിയതിന്റെ ചാർജ്ജായാണ് കള്ളനോട്ടുകൾ നൽകിയത്. നോട്ടിൽ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് കളളനോട്ടുകളാണെന്നു വ്യക്തമായത്. ഒറ്റ നോട്ടത്തിൽ ഒറിജിനൽ നോട്ടുകളെ വെല്ലുന്നതാണ് പിടിയിലായ നോട്ട്. തൂക്കത്തിൽ മാത്രമേ വ്യത്യാസമുള്ളു. ബാങ്കിൽ നിന്നാണ് നോട്ടുകൾ ലഭിച്ചതെന്നാണ് പിടിയിലായ വിനോദ് പൊലീസിനോട് പറഞ്ഞത്. ഇയാളെ ബേക്കൽ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. അടുത്തിടെ ഉദുമയിലും പരിസര പ്രദേശങ്ങളിലും കള്ളനോട്ടുകൾ പ്രചരിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.