മുംബൈ: മോഷ്ടിക്കാൻ ഒന്നും ലഭിക്കാത്ത നിരാശയിൽ വീട്ടിലുണ്ടായിരുന്ന യുവതിയെ ബലമായി ചുംബിച്ച ശേഷം കടന്നുകളഞ്ഞ കള്ളനെ അറസ്റ്റ് ചെയ്ത് പൊലീസ്. മുംബൈയിലെ മലാഡിൽ വെച്ചാണ് പൊലീസ് കള്ളനെ അറസ്റ്റ് ചെയ്തത്.മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കള്ളൻ യുവതി താമസിക്കുന്ന വീട്ടിലേക്ക് കയറിയത്. എന്നാൽ മോഷ്ടിക്കാനായി വീട്ടിൽ നിന്നും ഒന്നും കിട്ടിയില്ല. തുടർന്നാണ് വിചിത്രമായ പ്രവര്‍ത്തിയിലേക്ക് കള്ളൻ കടന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 38 കാരിയായ യുവതിയെ കണ്ട് ഒന്നു നിന്നു. പിന്നെ ബലമായി ചുംബിച്ച് കള്ളൻ കടന്നുകളയുകയായിരുന്നു. യുവതി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അന്നു തന്നെ പൊലീസ് പ്രതിയെ പിടികൂടി. ഇയാൾക്ക് മുമ്പ് ക്രിമിനൽ റെക്കോർഡ് ഇല്ലെന്നും കുടുംബത്തോടൊപ്പം താമസിക്കുന്നുണ്ടെന്നും നിലവിൽ തൊഴിൽ രഹിതനാണെന്നും പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കേസിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ അന്വേഷണം തുടരുകയാണെന്നും ഒരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.