കാസര്‍കോട്: കാല്‍ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്ത വിരോധത്തില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് പ്രയാഗ്, ഗോസിന, ബിങ്കാ റോഡിലെ അമാ(21)നെയാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ പി.വി അജീഷ് ഉത്തര്‍പ്രദേശിലെത്തി അറസ്റ്റു ചെയ്തത്.
ചെര്‍ക്കള, ബേര്‍ക്കയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് അന്‍സാരി (24)യാണ് അക്രമത്തിനു ഇരയായത്. 2024 ഡിസംബര്‍ 20ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഏതാനും മാസം മുമ്പാണ് അമാന്‍ താമസത്തിനു എത്തിയത്. സംഭവദിവസം രാത്രി അമാന്റെ കാല്‍ മുഹമ്മദ് അന്‍സാരിയുടെ ദേഹത്ത് തട്ടിയിരുന്നു. ഇത് ചോദ്യം ചെയ്ത വിരോധത്തില്‍ കത്തിയെടുത്തു വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. സംഭവത്തിനു ശേഷം പ്രതിയായ അമീന്‍ ഒളിവില്‍ പോവുകയായിരുന്നു.