ഹരിപ്പാട്:എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്ത് പൊതുയോഗങ്ങളിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അസ്വസ്ഥതയനുഭവപ്പെട്ടത്.ആശുപത്രിയിലേക്കു പോകുംവഴി ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ദേശീയപാതയിലുണ്ടായ വലിയ ഗതാഗതത്തിരക്കിൽ 15 മിനിറ്റോളം വാഹനം കുടുങ്ങി. തുടർന്ന് ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചു. ഇ.സി.ജി. ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി. ഇ.സി.ജി.യിൽ നേരിയ വ്യതിയാനമുള്ളതായി ഡോക്ടർമാർ പറഞ്ഞു. ഇതിനാൽ അടിയന്തര ചികിത്സ നൽകിയശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.മൂന്നുദിവസമായി കൊല്ലത്ത് എസ്.എൻ.ഡി.പി. യോഗവുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുത്തുവരുകയായിരുന്നു. ഞായറാഴ്ചയും അവിടെ പൊതുയോഗങ്ങളിൽ പങ്കെടുക്കേണ്ടതായിരുന്നു. പനിയെ തുടർന്നാണ് ശ്വാസതടസ്സം ഉണ്ടായത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടാൻ ആകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയും മന്ത്രിമാരും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സന്ദര്‍ശിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയില്‍ എത്തിയത്.ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികില്‍സയിലുള്ള വെള്ളാപ്പളളിയെ അവിടെ എത്തി അദ്ദേഹം കണ്ടു. നേരത്തേ മന്ത്രിമാരായ വീണാ ജോര്‍ജ്, സജി ചെറിയാന്‍, എ.ഐ.സി.സി വര്‍ക്കിങ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല എന്നിവരും വെള്ളാപ്പളളിയെ സന്ദര്‍ശിച്ചിരുന്നു.