ചെന്നൈ: തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിനു മുമ്പു നടത്തേണ്ട ദേശീയ ഗാനാലാപനം നടത്താത്തതില്‍ പ്രതിഷേധിച്ചു ഗവര്‍ണര്‍ ആര്‍.എന്‍ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാതെ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
സഭ സമ്മേളിച്ചുടനെ ‘തമിഴ്തായ് വാഴ്ത്തു’ എന്ന് തുടങ്ങുന്ന സംസ്ഥാന ഗാനം ആലപിച്ചു. തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കാന്‍ സഭാ നേതാവായ മുഖ്യമന്ത്രിയോടും സഭാധ്യക്ഷനായ സ്പീക്കറോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നിര്‍ദ്ദേശം ഇരുവരും അവഗണിച്ചു. സമ്മേളനത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു മുമ്പും ശേഷവും ദേശീയ ഗാനം ആലപിക്കണമെന്ന കീഴ് വഴക്കം രാജ്യ വ്യാപകമായുണ്ട്. രാഷ്ട്രത്തോടും ഭരണഘടനയോടുമുള്ള ആദരവിന്റെ അടയാളമായാണ് അതു തുടരുന്നത്. രാജ്യത്തേയും ദേശീയ ഗാനത്തേയും ഒരിക്കല്‍ കൂടി തമിഴ്‌നാട് നിയമസഭ അവഹേളിച്ചുവെന്ന് തുടര്‍ന്നു ഗവര്‍ണര്‍ എക്‌സില്‍ കുറിച്ചു. ദേശീയ ഗാനത്തെ ആദരിക്കുകയെന്നത് പൗരന്മാരുടെയും ഭരണസ്ഥാപനങ്ങളുടെയും അടിസ്ഥാന കടമയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഭരണഘടനയോടുള്ള തമിഴ്‌നാട് നിയമസഭയുടെ അവഗണന അതീവ ഗൗരവമുള്ളതാണ്. നിയമസഭയുടെ അപമാനകരമായ നടപടിയിലുള്ള ഉത്കണ്ഠയെ തുടര്‍ന്നാണ് നയ പ്രഖ്യാപന പ്രസംഗം നടത്താതെ സഭ വിട്ടതെന്ന് കുറിപ്പില്‍ തുടര്‍ന്നു പറഞ്ഞു.
ഗവര്‍ണറുടെ ഇറങ്ങിപ്പോക്കിനു ശേഷം എ.ഐ.ഡി.എം.കെ അംഗങ്ങള്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള ലൈംഗിക അവഹേളനത്തില്‍ പ്രതിഷേധിച്ചും സര്‍ക്കാര്‍ നീതി പുലര്‍ത്തണമെന്നാവശ്യപ്പെട്ടും സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി. അതേ സമയം ഗവര്‍ണരുടെ നിലപാടില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു.
കഴിഞ്ഞ വര്‍ഷം നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം ഉദ്ഘാടന പ്രസംഗം നടത്താതെ അദ്ദേഹം സഭ വിട്ടിരുന്നു. 2023ല്‍ സര്‍ക്കാര്‍ എഴുതിക്കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം പാലിക്കാതിരുന്നതിനാല്‍ ആ നിയമസഭാ സമ്മേളനത്തില്‍ നിന്ന് ഗവര്‍ണ്ണര്‍ ഇറങ്ങിപ്പോയിരുന്നു.